വയനാട്: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമാണോദ്ഘാടനം നാളെ നടക്കും. വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആനക്കാം പൊയിലിൽ പദ്ധതിയുടെ ഔദ്യോഗിക നിർമാണോദ്ഘാടനം നിർവഹിക്കും.
താമരശേരി ചുരത്തിൽ ഗതാഗത കുരുക്കുകളും റോഡ് തകർച്ചയും ഉണ്ടാവുമ്പോഴെല്ലാം വർഷങ്ങളായി ചർച്ചചെയ്യപ്പെടുന്ന പദ്ധതിയാണ് തുരങ്ക പാത. താമരശ്ശേരി ചുരത്തിൻ്റെ ബദലായി നാലുവരി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ജൂൺ 18ന് ലഭിച്ചതോടെയാണ് പ്രധാന കടമ്പകൾ കടന്ന് നിർമാണ പ്രവൃത്തിയിലേക്ക് പദ്ധതി എത്തുന്നത്. മലയോര പ്രദേശത്തെ മനുഷ്യരുടെ മുഴുവൻ സ്വപ്നവും പ്രതീക്ഷയുമായാണ് ഈ പദ്ധതി.
മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ പാത ബന്ധിപ്പിക്കുക. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി മറ്റ് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിന് അപ്രോച്ച്പാത ഉൾപ്പടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് തുരങ്ക പാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ- മുത്തപ്പൻപുഴ- ആനക്കാം പൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയെ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽനിന്നും 10 കിലോമീറ്റർ മാത്രമാണ് ദൂരം.
കിഫ്ബിയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നടത്തിപ്പിനും നിർവഹണത്തിനുമുള്ള സ്പെഷ്യൽ പർപസ് വെഹിക്കിൾ കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡാണ്. ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ ഇൻഫ്രാസ്ട്രക്‌ചർ എന്നീ സ്ഥാപനങ്ങളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്.
ഇരുജില്ലകൾക്കുമിടയിൽ കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സൗകര്യത്തോടെ സുരക്ഷിതമായി യാത്ര സാധ്യമാകുക എന്ന വയനാടൻ ജനതയുടെ ദീർഘകാല ആവശ്യവും നിറവേറും. യാത്ര സുഗമമാക്കുന്നതി നൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയും പ്രാദേശിക ടൂറിസം സാധ്യതകളും തുരങ്ക പാത പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട് .