കോഴിക്കോട്: കുറ്റ്യാടിയിൽ കാൻസർ ബാധിതയായ യുവതി മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സകർക്കെതിരെ പരാതിയുമായി കുടുംബം. മരിച്ച അടുക്കത്ത് ഹാജിറയുടെ മക്കളാണ് കുറ്റ്യാടി പൊലീസിൽ പരാതി നൽകിയത്. മാതാവിൻ്റെ മരണത്തിൻ്റെ ഉത്തരവാദികൾ ശിക്ഷിക്കപെടണം എന്നാണ് മക്കളുടെ ആവശ്യം. ഇവരുടെ ക്ലിനിക്കുകള്‍ റെയ്ഡ് ചെയ്തു രേഖകള്‍ പിടിച്ചെടുക്കുകയും അന്വേഷണം കഴിയുന്നത് വരെ അടച്ചു പൂട്ടി സീല്‍ ചെയ്യുകയും വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നുണ്ട്.
അക്യുപങ്ചർ ചികിത്സയിൽ ഹാജിറക്കുള്ള വിശ്വാസം മുതലെടുത്താണ് സ്തനാർബുദം ആണെന്ന് വിവരം പോലും മറച്ചുവെച്ച് തെറ്റിദ്ധരിപ്പിച്ച് ചികിത്സ നടത്തിയത്. പഴുപ്പ് നിറഞ്ഞ് വേദന സഹിക്കാതെ പിടഞ്ഞപ്പോഴും ഒരു കുഴപ്പവുമില്ല എല്ലാം ഭേദമാകും എന്ന് അക്യുപഞ്ചർ ചികിത്സകർ ആവർത്തിച്ചു പറഞ്ഞു. ഗുരുതരാവസ്ഥയില്‍ എത്തിയപ്പോഴും രോഗത്തിന്റെ ഗൗരവത്തെ കുറിച്ച് രോഗിയില്‍ നിന്നും കുടുംബാംഗങ്ങളിൽ നിന്നും നിന്നും ബോധപൂര്‍വം മറച്ചുവെച്ചു. മരണത്തിന് ഉത്തരവാദികൾ അക്യുപങ്ചർ ചികിത്സകർ ആണെന്നാണ് കുടുംബം ആരോപിക്കുന്നത്.
കുറ്റ്യാടി അടുക്കത്തെ ഹാജിറ എന്ന യുവതിയാണ് കാൻസർ ഗുരുതരാവസ്ഥയിലെത്തി മരിച്ചത്. കാൻസറിന്റെ ആദ്യഘട്ടം മുതൽ കുറ്റ്യാടിയിലെ അക്യുപങ്ചർ ചികിത്സാലയത്തിലാണ് ഹാജിറ പോയിരുന്നത്. നെഞ്ചുവേദനയും നീർക്കെട്ടും വന്നതിനെ തുടർന്നാണ് ഹാജിറ ഇവിടെ പോയത്. പച്ചവെള്ളവും നാല് അത്തിപ്പഴവുമായിരുന്നു ഇവര്‍ നിര്‍ദേശിച്ച ഭക്ഷണ ക്രമം. മറ്റൊന്നും കഴിക്കരുതെന്നും പറഞ്ഞു. ആറ് മാസം മുന്‍പാണ് ഹാജിറയ്ക്ക് കാന്‍സർ സ്ഥിരീകരിച്ചത്.
കാൻസർ ആണെന്ന വിവരം ഹാജിറയെ അറിയിക്കാതെയാണ് അക്യുപങ്ചർ ചികിത്സക സംസാരിക്കുന്നത്. രോഗവിവരം ബന്ധുക്കളെപ്പോലും അറിയിച്ചിരുന്നില്ല. മറ്റ് ഡോക്ടർമാരെ കണ്ടാൽ കീറിമുറിക്കും എന്ന് പറഞ്ഞു ഹാജിറയെ ഇവർ ഭയപ്പെടുത്തുന്നുമുണ്ട്. രോഗം സ്തനാര്‍ബുദമാണെന്ന് തിരിച്ചറിഞ്ഞിട്ടും രോഗിയെ അറിയിക്കാതെ കുറ്റ്യാടിയിലെ വനിതാ അക്യുപങ്ചറിസ്റ്റ് ചികിത്സ തുടരുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
നേരത്തെ ഇത് സംബന്ധിച്ച് ബന്ധുക്കള്‍ കുറ്റ്യാടി പൊലീസില്‍ പരാതി നൽകിയിരുന്നെങ്കിലും ചികിത്സയ്ക്ക് ലൈസന്‍സുണ്ടെന്ന് അക്യുപങ്ചർ സ്ഥാപനം വ്യക്തമാക്കിയതോടെ പൊലീസ് ഗൗരവത്തോടെയുള്ള പരിശോധന നടത്താതെ അന്വേഷണം അവസാനിപ്പിച്ചു. സംഭവത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യവും മന്ത്രിക്കും പരാതി നൽകാനും ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രക്ഷോഭം ആരംഭിക്കുവാനും ആണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും തീരുമാനം.