"ഇന്ത്യക്കാരിയാകും മുന്‍‌പ് സോണിയാ ഗാന്ധി വോട്ടർ പട്ടികയില്‍, ഇത് ക്രമക്കേടല്ലെങ്കില്‍ പിന്നെന്ത്?" ആരോപണവുമായി ബിജെപി

1946ല്‍ ഇറ്റലിയില്‍ ജനിച്ച സോണിയാ ഗാന്ധി 1980-1982ല്‍ തന്നെ ഇന്ത്യയില്‍ വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മുന്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചിരുന്നു
പ്രിയങ്കാ ഗാന്ധിക്കൊപ്പം സോണിയാ ഗന്ധി
പ്രിയങ്കാ ഗാന്ധിക്കൊപ്പം സോണിയാ ഗന്ധിSource: ANI
Published on

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിലെ ക്രമക്കേടുകളില്‍ ഇലക്ഷന്‍ കമ്മീഷനും ഭരണകക്ഷിയായ ബിജെപിക്കും എതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമർശനങ്ങള്‍ ഉന്നയിക്കുന്നതിനിടെ പ്രത്യാരോപണങ്ങളുമായി ബിജെപി. ഇന്ത്യന്‍ പൗരത്വം ലഭിക്കുന്നതിന് മുന്‍പ് തന്നെ രാഹുലിന്റെ അമ്മയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയാ ഗാന്ധി വോട്ടർ പട്ടികയില്‍ കടന്നുകൂടിയെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി ഐടി സെല്‍ അധ്യക്ഷന്‍ അമിത് മാളവ്യ എക്സ് പോസ്റ്റിലൂടെയാണ് ആരോപണം ഉന്നയിച്ചത്.

1946ല്‍ ഇറ്റലിയില്‍ ജനിച്ച സോണിയാ ഗാന്ധി 1980-1982ല്‍ തന്നെ ഇന്ത്യയില്‍ വോട്ടർ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് മുന്‍ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആരോപിച്ചതിനു പിന്നാലെയായിരുന്നു അമിത് മാളവ്യയുടെ എക്സ് പോസ്റ്റ്. ബിജെപി ഐടി സെല്‍ മേധാവി തന്റെ കുറിപ്പില്‍ അനുരാഗ് താക്കൂറിന്റെ ആരോപണങ്ങള്‍ ആവർത്തിക്കുകയാണ്. 1980ലെ സഫ്‌ദർ ജങ് റോഡ്, പോളിങ് സ്റ്റേഷന്‍ 145ലെ വോട്ടർ പട്ടിക എന്ന തരത്തില്‍ പങ്കുവെച്ച ഫോട്ടോകോപ്പി ചിത്രത്തോടൊപ്പമായിരുന്നു മാളവ്യയുടെ ആരോപണങ്ങള്‍.

1968ല്‍ രാജീവ് ഗാന്ധിയെ കല്യാണം കഴിച്ച ശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഔദ്യോഗിക വസതിയില്‍ താമസിക്കുമ്പോഴാണ് സോണിയ പട്ടികയില്‍ ഉള്‍പ്പെട്ടതെന്നാണ് മാളവ്യയുടെ അവകാശവാദം. 1980ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ്, പരിഷ്കരിച്ച ഡല്‍ഹി നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലും സോണിയുടെ പേരുണ്ടെന്ന് മാളവ്യ വാദിക്കുന്നു.

ഒരു ഇന്ത്യന്‍ പൗരനു മാത്രമേ വോട്ടറായി രജിസ്റ്റർ ചെയ്യാന്‍ സാധിക്കൂ എന്നിരിക്കെ ഇത് നിയമ ലംഘനമാണ്. 1982ല്‍ പ്രതിഷേധങ്ങളെ തുടർന്ന് അവരുടെ പേര് പട്ടികയില്‍ നിന്നും നീക്കി. 1983ല്‍ ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം വോട്ടർ പട്ടികയില്‍ തിരികെ ഉള്‍പ്പെടുത്തിയതും തട്ടിപ്പാണെന്നാണ് മാളവ്യ ആരോപിക്കുന്നത്. "വോട്ടര്‍ രജിസ്‌ട്രേഷനുള്ള യോഗ്യതാ തീയതി 1983 ജനുവരി ഒന്ന് ആയിരുന്നു. എന്നാല്‍ സോണിയയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചതാകട്ടെ 1983 ഏപ്രില്‍ 30നും," മാളവ്യ എക്സില്‍ കുറിച്ചു.

പ്രിയങ്കാ ഗാന്ധിക്കൊപ്പം സോണിയാ ഗന്ധി
വയനാട്ടില്‍ വ്യാജ വോട്ടര്‍മാരുണ്ട്, പ്രിയങ്ക ഗാന്ധി രാജിവെക്കുമോ?; 'വോട്ട് ചോരി' ആരോപണം പ്രതിപക്ഷത്തിനെതിരെ തിരിക്കാന്‍ ബിജെപി

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പൗരത്വത്തിനുള്ള അടിസ്ഥാന യോഗ്യതകള്‍ പോലും പാലിക്കാത്ത സോണിയാ ഗാന്ധിയുടെ പേര് രണ്ടുതവണ വോട്ടർ പട്ടികയിൽ ഇടംപിടിച്ചു. ആദ്യം 1980ൽ ഇറ്റാലിയൻ പൗരയായി, പിന്നീട് 1983ൽ, നിയമപരമായി ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മാസങ്ങൾക്ക് മുമ്പ്. രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് ഇന്ത്യൻ പൗരത്വം സ്വീകരിക്കാൻ അവർ 15 വർഷം എടുത്തത് എന്തുകൊണ്ടാണെന്ന് പോലും ഞങ്ങൾ ചോദിക്കുന്നില്ല. ഇത് നഗ്നമായ തെരഞ്ഞെടുപ്പ് ക്രമക്കേട് അല്ലാതെ എന്താണെന്ന് ചോദിച്ചുകൊണ്ടാണ് മാളവ്യ തന്റെ എക്സ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

എന്നാല്‍, സോണിയാ ഗാന്ധി വോട്ടർ പട്ടികയില്‍ പേര് ചേർക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും അക്കാലത്തെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് അങ്ങനെ ചെയ്തതെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് താരിഖ് അന്‍വറിന്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com