കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ ജീവനൊടുക്കിയ നിതിൻ രാജിന്റെ മറ്റൊരു ഓഡിയോ സന്ദേശം പുറത്ത്. നിതിൻ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശമാണ് പുറത്തുവന്നത്. താൻ ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂവെന്നും ആരൊക്കെ തളർത്തിയാലും അത് നേടിയെടുത്തിരിക്കുമെന്നുമാണ് നിതിൻ രാജ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
"പഠനം നിർത്താൻ എനിക്ക് ഉദ്ദേശ്യമില്ല. ആര് എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല. എനിക്ക് പഠിക്കണം ബിരുദം നേടണം. ഞാൻ ഡോക്ടർ ആയിട്ടേ പുറത്തിറങ്ങൂ. അതിനി ആരൊക്കെ തളർത്തിയാലും ഇവിടെ നിന്ന് പഠിച്ചിറങ്ങാനുള്ള മനസുണ്ടെങ്കിൽ അത് നേടിയെടുത്തിരിക്കും", എന്നാണ് നിതിൻ രാജ് ഓഡിയോ സന്ദേശത്തിൽ പറയുന്നത്.
അതേസമയം, പ്രിൻസിപ്പൽ പറയുന്ന കാര്യങ്ങളിൽ സംശയമുണ്ടെന്ന് നിതിൻ രാജിന്റെ സഹോദരി ആരോപിച്ചു. ഫോൺ അവിടെ വച്ചിട്ട് നിതിൻ പോയി എന്നാണ് പറയുന്നത്. അത് വിശ്വസനീയമല്ല. എന്ത് ചികിത്സയാണ് നിതിന് നൽകിയത് എന്നത് അവർ വ്യക്തമാക്കണം. പൊട്ടിയ ഒരു കണ്ണാടി മാത്രമാണ് തന്നിട്ടുള്ളത്. പ്രിൻസിപ്പൽ വീട്ടിൽ വിളിക്കാൻ ശ്രമിച്ചു എന്ന് മാത്രമാണ് പറയുന്നതെന്നും നിതിൻ്റെ സഹോദരി വ്യക്തമാക്കി.
"കോളേജിൽ എന്തോ വലിയ സംഭവം ഉണ്ടായിട്ടുണ്ട്. ടീച്ചർക്ക് ഭീഷണി വന്നു എന്ന് കരുതി അവൻ ആത്മഹത്യ ചെയ്യില്ല. പ്രിൻസിപ്പലിന്റെ മുറിയിൽ എന്ത് സംഭവിച്ചു എന്നത് അറിയില്ല. അവരുടെ ഭാഗത്ത് തെറ്റില്ല എന്നുണ്ടെങ്കിൽ എന്തിനാണ് ലത ടീച്ചറുടെ ഇൻസ്റ്റാഗ്രാമിലെ മുഴുവൻ ഫോട്ടോയും മാറ്റണം. അമ്മയെയും അച്ഛനെയും ഫോണിൽ കിട്ടിയില്ല എന്നുണ്ടെങ്കിൽ സഹോദരങ്ങളെ കോളേജിൽ നിന്ന് വിളിച്ചു കൂടെ? നിതിന്റെ ഫോൺ കോളേജ് അധികൃതർ പിടിച്ചുവച്ചു എന്നതാണ് മനസിലാക്കുന്നത്. ഫോൺ അവിടെ നിതിൻ വെച്ചിട്ട് പോയി എന്ന് പറയുന്ന വാദം സത്യമല്ല.
ആദ്യം പറയുന്നു മൂന്നുനിലയുടെ മുകളിൽ നിന്നാണ് ചാടിയത് എന്ന്. പിന്നീട് പറഞ്ഞു അഞ്ച് നിലയുടെ മുകളിൽ നിന്നാണെന്ന്. പിന്നീട് പറഞ്ഞു വേറെ ഒരു ഭാഗത്ത് നിന്നാണ് എന്ന്. അവിടെ നിന്നും ചാടിയെങ്കിൽ താഴെ രക്തത്തിന്റെ പാട് ഇല്ല. അവന് എന്ത് ചികിത്സ നൽകി എന്നത് സംബന്ധിച്ചും ഇവർ ഒന്നും പറയുന്നില്ല. ബ്ലഡ് ഗ്രൂപ്പ് അറിയാൻ വൈകി എന്നാണ് അവർ പറയുന്നത്. ഒരു മെഡിക്കൽ കോളേജ് അല്ലേ. അവിടെ രക്തം ഇല്ലേ? അപൂർവമായ ബ്ലഡ് ഗ്രൂപ്പ് അല്ല അവന്റെ", നിതിൻ്റെ സഹോദരിയുടെ വാക്കുകൾ
പ്രിൻസിപാളിനെക്കുറിച്ചും ലത മാഡത്തിനെക്കുറിച്ചും സംശയമുണ്ടെന്നും രാഖി പറഞ്ഞു. കോളേജിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചാൽ അത് പരസ്യപ്പെടുത്തണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കാൻ എന്തുകൊണ്ട് ഇത്രയും കാലതാമസം എന്നതും സംശയമുണ്ടാക്കുന്നുണ്ട്. നിതിന്റെ ശരീരത്തിൽ വീണതിന്റെ പാട് ഉണ്ടായിരുന്നില്ല. ഈ സംശയം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിട്ടുണ്ട്.