

അബ്കാരി, മുട്ടില്‍ മരം മുറി കേസുകളില്‍ റിപ്പോര്‍ട്ടര്‍ ടിവി എംഡി ആന്റോ അഗസ്റ്റിന് ഇന്ന് ആശ്വാസദിനം. അബ്‌കാരി കേസില്‍ ഹൈക്കോടതി ആന്റോയ്ക്ക് ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. അതേസമയം, മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചാന കേസിന്റെ വിചാരണ വയനാട് കോടതിയിലേക്ക് മാറ്റിയാണ് സുപ്രീം കോടതി ഉത്തരവ്. ചോറ്റാനിക്കര കോടതിയിലെ വിചാരണയാണ് മാറ്റിയത്. അബ്‌കാരി കേസില്‍ മാനന്തവാടി ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് ആന്റോ. ജാമ്യം അനുവദിച്ചതോടെ, ഇന്ന് ജയില്‍ മോചിതനാകും.
വീട്ടിൽ അനുവദനീയമായ അളവിലധികം മദ്യം സൂക്ഷിച്ചെന്ന കേസിലാണ് ആന്റോയെ എക്സൈസ് അറസ്റ്റ് ചെയ്തത്. കേസ് പരിഗണിച്ച ബത്തേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ആന്റോ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളി. തുടര്‍ന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ നിശ്ചിത ഇടവേളകളിൽ ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് എന്നിങ്ങനെ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. സർക്കാരിനു വേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി. ആസിഫലി ഹാജരായി. ചോദ്യംചെയ്യലിനോട് ആന്റോ സഹകരിച്ചില്ല എന്നതുൾപ്പെടെ ചൂണ്ടിക്കാണിച്ചായിരുന്നു ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത ആന്റോ നിലവില്‍ മാനന്തവാടി ജില്ലാ ജയിലിലാണ്.
മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനാ കേസിലാണ് സുപ്രീം കോടതിയില്‍ നിന്ന് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അനുകൂല വിധിയുണ്ടായത്. ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നും, കേസ് വയനാട്ടിലേക്ക് മാറ്റണമെന്നുമുള്ള ഒന്നാം പ്രതി റോജി അഗസ്റ്റിന്റെ ഹർജിയാണ് സുപ്രീം കോടതി അംഗീകരിച്ചത്. രണ്ടും കേസും ഒരേ കോടതിയിൽ വിചാരണ നടത്താനാണ് സുപ്രീ കോടതി നിര്‍ദേശം. ഇതോടെ, മുട്ടിൽ മരംമുറിയിൽ വനം വകുപ്പ് രജിസ്റ്റർ ചെയ്ത കേസ് പരിഗണിക്കുന്ന കോടതി തന്നെ വഞ്ചനാക്കേസും പരിഗണിക്കും. സുപ്രീം കോടതിയിൽ ജസ്റ്റിസ് ജെ.ബി. പർദ്ദിവാല അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.