

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലഭിക്കുന്ന സൗജന്യത്തില്‍ അഴിമതിയുടെ മണമുണ്ടെന്ന് സമസ്ത എപി വിഭാഗം നേതാവ് റഹ്‌മത്തുള്ള സഖാഫി എളമരം. ഖജനാവിൽ നിന്നും പലപേരിലായി കണക്കറ്റ പണം മന്ത്രിമാർക്കുവേണ്ടി ഔദ്യോഗികമായി ചെലവഴിക്കുന്നുണ്ട്. പുറമേ വാഹനം വീട് മോഡികൂട്ടൽ, സൽക്കാരം, വിദേശ യാത്ര, സുഖ ചികിത്സ എന്നിങ്ങനെ കാലിയായ ഖജനാവിനെ വടിച്ചൂറ്റുന്ന പ്രവണതയും കണ്ടുവരുന്നുണ്ട്. മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതും മറ്റൊരാളുടെ ആഡംബര കാറിൽ മന്ത്രിമാർ യാത്ര ചെയ്യുന്നതും, അവർ ഫ്രീയായി തന്നതാണെന്ന് പറഞ്ഞാലും അതിൽ അഴിമതിയുടെ മണമുണ്ട്. പദവി ഇല്ലെങ്കിൽ അവര്‍ വിമാനവും കാറും വിട്ടുകൊടുക്കുമോ? ന്യായീകരണക്കാരാണ് ഇവർക്കെല്ലാം ധൈര്യം പകരുന്നതെന്നും റഹ്മത്തുള്ള സഖാഫി എളമരം ഫേസ് ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
ഉമവി ഖലീഫ ഉമറുബ്നു അബ്ദുൽ അസീസ് (റ) സെയ്ത്തെണ്ണ വിളക്കിൻ്റെ വെളിച്ചത്തിൽ ഫയലുകൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഭാര്യ വീട്ടുകാര്യങ്ങൾ സംസാരിക്കാൻ വേണ്ടി അങ്ങോട്ട് കടന്നു ചെന്നത്. ഖലീഫ ഉടനെ വിളക്ക് അണച്ചു.ഇത് കണ്ട ഭാര്യ ചോദിച്ചു, ഞാൻ വന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ നിങ്ങൾ വിളക്കണച്ചത്?. ഒരിക്കലുമല്ല നമ്മുടെ കുടുംബ കാര്യം ചർച്ചചെയ്യാൻ പൊതു ഖജനാവിൻ്റെ വിളക്ക് ഉപയോഗിക്കേണ്ടതില്ല എന്നുകരുതിയാണ് ഖലീഫപ്രതികരിച്ചു. ഭരണാധികാരികൾ പൊതു മുതൽ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ജാഗ്രതയാണിത് വ്യക്തമാക്കുന്നത്. ഖജനാവിൽ നിന്നും പലപേരിലായി കണക്കറ്റ പണം ഓരോ മന്ത്രിമാർക്കും വേണ്ടി ഔദ്യോഗികമായി തന്നെ ചെലവഴിക്കുന്നുണ്ട്. പുറമെ വാഹനം വീട് മോഡികൂട്ടൽ , സൽക്കാരം ,വിദേശ യാത്ര , സുഖ ചികിത്സ തുടങ്ങി കാലിയായ നമ്മുടെ ഖജനാവിനെ വടിച്ചൂറ്റുന്ന പ്രവണതയും കണ്ടു വരുന്നുണ്ട്.
മുഖ്യമന്ത്രി ചാർട്ടേഡ് വിമാനത്തിൽ യാത്ര ചെയ്യുന്നതും മറ്റൊരാളുടെ ആഡംബര കാറിൽ മന്ത്രിമാർ യാത്ര ചെയ്യുന്നതും അവർ ഫ്രീയായി തന്നതാണെന്ന് പറഞ്ഞാലും അതിൽ അഴിമതിയുടെ മണമുണ്ട്. ഈ പദവിയിൽ അല്ലെങ്കിൽ അവർ വിമാനവും കാറും വിട്ടു കൊടുക്കുമോ?. പകരം ഒന്നും വഴി വിട്ട മാർഗത്തിലൂടെ തിരിച്ചു കൊടുത്തി ല്ലെങ്കിൽ പോലും പൊതുസമൂഹം അങ്ങനെ ധരിക്കാൻ സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ ഉമറുബിനു അബ്ദുൽ അസീസ് തങ്ങളുടെ അത്ര സൂക്ഷ്മത ഇല്ലങ്കിലും കുറച്ചു കൂടിയൊക്കെ ശ്രദ്ധ കാണിക്കുന്നത് നല്ലതാണ്. ഇത് വായിച്ചു, പിണറായി ഭരിച്ചപ്പോൾ ദൂർത്തിനെതിരെ ഒന്നും പറയാത്തതെന്തായിരുന്നു എന്ന് ചോദിച്ചു കമൻ്റ് ചെയ്യുന്നവരുണ്ടാകും .അത്തരം ന്യായീകരണക്കാരാണ് എല്ലാവർക്കും ധൈര്യം പകരുന്നത്.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ മലപ്പുറം ചാര്‍ട്ടേഡ് വിമാന യാത്രയും, മന്ത്രി കെ.എം. ഷാജിയുടെ റേഞ്ച് റോവര്‍ ഉപയോഗവും, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, യുവജന-കായിക മന്ത്രി ഒ.ജെ. ജനീഷ് എന്നിവരുടെ വിദേശ യാത്രയും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്നാല്‍, ഇതൊന്നും സര്‍ക്കാര്‍ ഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ചല്ല എന്നതായിരുന്നു നേതാക്കളുടെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും ന്യായീകരണം.