തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ആന്റണി രാജുവിനെ അയോഗ്യനാക്കി വിജ്ഞാപനം. എംഎൽഎ സ്ഥാനത്ത് നിന്നുമാണ് അയോഗ്യനാക്കിയത്. സ്പീക്കർ എ.എൻ. ഷംസീർ തെരഞ്ഞെടുപ്പ് കമ്മീഷനെ ഇക്കാര്യം വിജ്ഞാപനം വഴി അറിയിച്ചു. നിലവിൽ തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ ആണ് ആന്റണി രാജു.
കഴിഞ്ഞ ദിവസമാണ് ആന്റണി രാജുവിനെ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചത്. 32 വർഷത്തോളം നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ വിധി പറഞ്ഞത്. ഗൂഢാലോചനയ്ക്ക് ആറ് മാസം, തെളിവുനശിപ്പിക്കലിന് മൂന്ന് വർഷം, കള്ള തെളിവുണ്ടാക്കലിന് മൂന്ന് വർഷം, വ്യാജരേഖ ചമയ്ക്കലിന് രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്.
ലഹരി മരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരൻ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയെന്നാണ് ആൻ്റണി രാജുവിനെതിരായ കേസ്. കോടതിയിലെ ക്ലാര്‍ക്കിൻ്റെ സഹായത്തോടെ തൊണ്ടിമുതലായ അടിവസ്ത്രം പുറത്തെത്തിച്ച് വെട്ടിത്തയ്ച്ച് ചെറുതാക്കി തിരികെ വയ്ക്കുകയാണ് ഉണ്ടായത്. പാകമാകാത്ത അടിവസ്ത്രമാണ് തെളിവായി ഉണ്ടായിരുന്നതെന്ന വാദമാണ് പ്രതിയെ രക്ഷിച്ചത്.