

സർക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് മുങ്ങി നടന്ന അർജുൻ ആയങ്കി ഒടുവിൽ പൊലീസ് പിടിയിലായി. അഭിഭാഷകയുടെ അപ്പാർട്ട്‌മെൻ്റിൽ വെച്ച് ഞായറാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആയങ്കിയെ തേടി പൊലീസ് സംസ്ഥാന വ്യാപകമായി തിരച്ചിലിലായിരുന്നു.
സിസിടിവി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കണ്ണൂരിലുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചത്. വളപട്ടണത്തുവെച്ച് അർജുൻ സഞ്ചരിച്ചിരുന്ന കാർ പോലീസ് കസ്റ്റഡിയിലെടുത്തതും കണ്ണൂരിലുണ്ടെന്ന നിഗമനത്തിലെത്താൻ പൊലീസിനെ സഹായിച്ചു.
ഓട്ടോറിക്ഷയിലാണ് അഭിഭാഷകയെ കാണാനെത്തിയിരുന്നത്. ഓട്ടോഡ്രൈവറുടെ ഫോണിലാണ് ഇയാൾ സുഹൃത്തിനെ വിളിച്ച് കാറുമായി വരാൻ ആവശ്യപ്പെട്ടത്. ഓട്ടോ ഡ്രൈവർക്ക് സംശയം തോന്നുകയും ഇത് പൊലീസിനെ അറിയിക്കുകയുമായിരുന്നു.
കാർ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് അഭിഭാഷകയുടെ ഫ്ളാറ്റിൽ പൊലീസ് എത്തിയത്. പൊലീസ് പുലർച്ചെയോടെ അപ്പാർട്ട്മെൻ്റ് വളഞ്ഞ് ഇയാളെ പിടികൂടുകയുമായിരുന്നു.
പൊലീസിനെ കണ്ട അർജുൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർ വ്യക്തമാക്കി. അറസ്റ്റിലായി പോലീസ് വാഹനത്തിൽ കൊണ്ടുപോകുന്നതിനിടയിലും പൊലീസിനെ പരിഹസിച്ചു. 'കടലിൽ കാണാതായവരെ കിട്ടിയോ?' എന്നായിരുന്നു ഇയാളുടെ പരിഹാസ ചോദ്യം.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ചേർക്കപ്പെട്ട ഇയാൾ, ഒളിവിൽ കഴിയുന്നതിനിടെ പിടിക്കാമെങ്കിൽ പിടിക്കൂ എന്ന് ആഭ്യന്തര വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. പിന്നാലെ ആഭ്യന്തരവകുപ്പ് ആയങ്കിക്കായുള്ള അന്വേഷണം ഊർജിതമാക്കി.