"ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മേയർ സ്ഥാനത്തെത്തിയ 21കാരി, മുന്നിലെത്തുന്നവരുടെ വിശപ്പറിയാൻ സഹായിച്ചത് ആ ജീവിതം"; കുറിപ്പുമായി ആര്യ രാജേന്ദ്രൻ

നിലവിലെ മേയറായ ആര്യ രാജേന്ദ്രൻ ഇത്തവണ മത്സരരംഗത്തില്ല
ആര്യ രാജേന്ദ്രൻ
ആര്യ രാജേന്ദ്രൻSource: facebook
Published on

കൊച്ചി: തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ഇടതുമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവിലെ മേയറായ ആര്യ രാജേന്ദ്രൻ ഇത്തവണ മത്സരരംഗത്തില്ല. പിന്നാലെ വൈകാരിക ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ആര്യ രാജേന്ദ്രൻ. സുദീർഘമായ കുറിപ്പിൽ അഞ്ച് വർഷത്തോളം മേയർ സ്ഥാനത്തിരുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും, സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമുൾപ്പെടെ ആര്യ നന്ദി പറയുന്നുണ്ട്.

താനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചുവളർന്നതെന്നും, അതാണ് രാഷ്ട്രീയ ജീവിതത്തിന് ഊർജം പകർന്നതെന്നും ആര്യ പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ അഞ്ച് വർഷങ്ങൾ ജീവിതത്തിൽ സുപ്രധാനമാണെന്നും ആര്യ കുറിച്ചു.

ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം കോർപ്പറേഷൻ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് എൽഡിഎഫ്; പട്ടികയിൽ ആര്യ രാജേന്ദ്രനില്ല; കളത്തിലിറങ്ങുക കെ. ശ്രീകുമാർ ഉൾപ്പെടെ പ്രമുഖർ

"ജീവിതത്തിലെ ഈ അഞ്ച് വർഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാൻ നേടിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം മുതൽ നട്ടാൽ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകർത്ത് ഈ നാട്ടിലെ ജനങ്ങൾ എന്നെ സംരക്ഷിച്ചതും എന്റെ പാർട്ടി എന്നെ ചേർത്ത് നിർത്തിയതും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല," പോസ്റ്റിൽ പറയുന്നു.

"മഴപെയ്താൽ ചോർന്നോലിക്കുന്ന ഒരു വീട്ടിൽ നിന്നും 21 വയസ്സുള്ള പെൺകുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി ചരിത്രമെഴുതുമ്പോൾ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാർട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കഴിയു എന്ന് ചരിത്രം പറയും. ഇനിയും സംഘടനാപ്രവർത്തനരംഗത്ത് നിലവിലെ ചുമതലകൾ നിർവ്വഹിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകും," ഇങ്ങനെ കുറിച്ചാണ് ആര്യ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ആര്യ രാജേന്ദ്രൻ
"തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയല്ല, സർക്കാരിനെ വിചാരണ ചെയ്യുകയാണ്"; തെരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്ന് വി.ഡി. സതീശൻ

ആര്യ രാജേന്ദ്രൻ്റെ പോസ്റ്റിൻ്റെ പൂർണ രൂപം

പ്രിയമുള്ളവരേ...

ഞാൻ ജനിച്ചു വളർന്നത് ഒരു സാധാരണ കുടുംബത്തിലാണ്. തൊഴിലാളിയായ അച്ഛൻ,അമ്മ,ചേട്ടൻ എന്നിവർ അടങ്ങുന്ന കുടുംബം. കുടുംബ സാഹചര്യം,അച്ഛന്റെയും അമ്മയുടെയും ഉയർന്ന രാഷ്ട്രീയ ബോധം തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ട് ഞാനും ചേട്ടനും ഓർമ്മ വച്ച കാലം മുതൽ ബാലസംഘം പരിപാടികൾ ഉൾപ്പടെ സാധ്യമായ എല്ലാ പാർട്ടി പരിപാടികളിലും അവരോടൊപ്പം പങ്കെടുക്കുമായിരുന്നു. എന്റെ ബാല്യകൗമാര കാലഘട്ടത്തിൽ ഒരുപാട് പ്രയാസങ്ങൾ ഒരു സാധാരണ കുടുംബം എന്ന നിലയിൽ ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധികൾ ഉൾപ്പടെ ഒരുപാട് മാനസിക സംഘർഷങ്ങൾ പഠന കാലം മുതൽ ഞങ്ങൾ നേരിട്ടിട്ടുണ്ട്.അപ്പോഴും അച്ഛനും അമ്മയും ഒരിക്കൽ പോലും ആ സാഹചര്യങ്ങളിൽ ഞങ്ങൾക്ക് വേണ്ടത് ചെയ്യാതിരുന്നിട്ടില്ല. വാടക വീട്ടിലെ പരിമിതമായ സാഹചര്യങ്ങൾ ഉൾക്കൊണ്ടാണ് ഞങ്ങൾ ജീവിച്ചത്. എന്നിലെ രാഷ്ട്രീയത്തെ പാകപ്പെടുത്തുന്നതിൽ ആ ജീവിതം നൽകിയ പാഠങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തി എന്നത് ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ മനസ്സിലാകുന്നുണ്ട്. മുന്നിൽ വരുന്ന മനുഷ്യന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം വിശന്നിട്ടാണോ വിഷമിച്ചിട്ടാണോ എന്ന് തിരിച്ചറിയാൻ എന്നെ പഠിപ്പിച്ചത് ആ ജീവിതമാണ്.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാർട്ടി എന്നെ തീരുമാനിക്കുമ്പോൾ എന്റെ പ്രായം 21 വയസ്സാണ്. കോളേജ് പഠനവും സൗഹൃദവുമായി സംഘടന ഉത്തരവാദിത്വത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന എനിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് തന്നെ അത്ര സുപരിചിതമായ കാര്യമായിരുന്നില്ലയെങ്കിലും മുൻപ് നടന്ന തെരഞ്ഞെടുപ്പുകളിൽ വോട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സ്‌ക്വാഡ് പ്രവർത്തനത്തിന് സ്ഥാനാർഥികളോടൊപ്പം പോയ പരിചയമുണ്ട്.

പക്ഷെ കൂട്ടത്തിലെ ചെറിയ കുട്ടികളായ ഞങ്ങളെ ആളുകൾ രാഷ്ട്രീയ കാഴ്ചപ്പാടുള്ളവരായി കണ്ടിട്ടുണ്ടോ എന്ന് എനിക്ക് എല്ലായ്‌പ്പോഴും സംശയമാണ്. അങ്ങനെ പാർട്ടിയുടെ പൂർണ്ണ പിന്തുണ, മുടവന്മുകളിലെ സഖാക്കളുടെ ശക്തമായ പ്രവർത്തനം, കൃഷ്ണൻ സഖാവിന്റെ നേതൃത്വം, ജനങ്ങളുടെ സ്നേഹം,പിന്തുണ എല്ലാം കൊണ്ട് ചരിത്രമുറങ്ങുന്ന മുടവന്മുകളിന്റെ മണ്ണിൽ ഞാൻ വിജയിച്ചു. 2020 ഡിസംബർ 21 ന് കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്ത ശേഷം,പതുക്കെ കാര്യങ്ങൾ പഠിക്കാൻ തുടങ്ങി. പിന്നീടാണ് പാർട്ടി കമ്മിറ്റികൾ ചേർന്ന് മേയറായി ചുമതല നൽകിയത്.

ജീവിതത്തിലെ ഈ അഞ്ച് വർഷം എന്നെ സംബന്ധിച്ച് അതിപ്രധാനമാണ്. ഇനി ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാനുള്ള കരുത്ത് ഈ കാലത്തിനിടെ ഞാൻ നേടിയിട്ടുണ്ട്. വ്യക്തി അധിക്ഷേപം മുതൽ നട്ടാൽ കുരുക്കാത്ത നുണകളുടെ കോട്ടകളെല്ലാം തകർത്ത് ഈ നാട്ടിലെ ജനങ്ങൾ എന്നെ സംരക്ഷിച്ചതും എന്റെ പാർട്ടി എന്നെ ചേർത്ത് നിർത്തിയതും ഒരിക്കലും മറക്കാൻ കഴിയുന്നതല്ല.

എത്രയോ ജീവിത സാഹചര്യങ്ങൾ, എത്രയോ കരുതലുകൾ, എത്രയോ സ്നേഹബന്ധങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ സ്വയം മനസ്സിലാക്കിയ നിമിഷങ്ങൾ ഈ അഞ്ച് വർഷങ്ങൾക്ക് ഇടയിലുണ്ട്. നാം അനുഭവിച്ച ജീവിത സാഹചര്യങ്ങളെക്കാൾ പ്രയാസമേറിയ ജീവിത സാഹചര്യങ്ങളിലെ മനുഷ്യരെ കണ്ടെത്തി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന തീരുമാനങ്ങൾ തുടങ്ങി എണ്ണിയാൽ തീരാത്ത അത്രയും കാര്യങ്ങൾ എനിക്ക് പറയാനുണ്ട്. വികസന പ്രവർത്തനങ്ങളിൽ എല്ലാവരുടെയും അഭിപ്രായവും നിർദ്ദേശവും കേട്ട് ലോകരാജ്യങ്ങൾ അംഗീകരിക്കുന്ന നിലവാരത്തിലേക്ക് നഗരത്തെ ഉയർത്താൻ സാധിച്ചു.

രാജ്യത്ത് ആദ്യമായി സുസ്ഥിര വികസനത്തിനുള്ള UN-Habitat അവാർഡ് നമ്മുടെ നഗരത്തിന് ലഭിക്കുമ്പോൾ എന്റെ പേരിനൊപ്പം “തിരുവനന്തപുരം ഇന്ത്യ” എന്ന് വിളിച്ചത് ഇപ്പോഴും അഭിമാനത്തോടെ ഓർക്കുകയാണ്. മികച്ച നഗരസഭ എന്ന നിലയിൽ സംസ്ഥാന സർക്കാരിന്റെയും,കേന്ദ്ര സർക്കാരിന്റെയും തുടങ്ങി വിവിധ അവാർഡുകൾ ചരിത്രത്തിലാദ്യമായി നമ്മുടെ നഗരത്തിന് നേടാനായി. അതിന് നേതൃത്വം നൽകാൻ ഈ ഭരണസമിതിയ്ക്ക് സാധിച്ചു എന്നതിൽ അഭിമാനമുണ്ട്.

രാഷ്ട്രീയത്തിലെ ഏറ്റവും തെറ്റായ വ്യാജപ്രചാരണവും ആക്ഷേപവും പരിഹാസവുമൊക്കെ പ്രചരിപ്പിച്ച ഈ കാലഘട്ടത്തിൽ നഗരത്തിലെ നാല് വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികൾ അഭിമാനാർഹമായ വിജയം നേടി എന്നത് എന്നുമോർക്കുന്ന ചരിത്രമുഹൂർത്തമാണ്.

ഡെപ്യൂട്ടി മേയർ സ.പി കെ രാജു നൽകിയ പിന്തുണയ്ക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. ഒരു മകളെ പോലെ എന്നെ സ്നേഹിക്കുകയും മേയർ എന്ന നിലയിൽ ഞാൻ പറയുന്ന കാര്യങ്ങളിൽ പൂർണ്ണ ബഹുമാനവും അംഗീകാരവും നൽകിയ അദ്ദേഹം കൂടി ചേർന്നാണ് ഇതെല്ലാം സാധ്യമായത്. അദ്ദേഹം ഉൾപ്പടെ ചെയർപേഴ്സന്മാരും കൗൺസിലർമാരും ഉദ്യോഗസ്ഥരും എല്ലാവരും ചേർന്ന് ഒരുപാട് പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചു.

പ്രതിസന്ധികൾ മറികടന്ന് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ ഏറ്റവും വലിയ ഊർജ്ജം നൽകിയത് ഈ സർക്കാരാണ്, അതിന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രിയാണ്. പ്രയാസങ്ങൾ തരണം ചെയ്യാൻ അദ്ദേഹത്തേക്കാൾ നല്ലൊരു ഉദാഹരണമുണ്ടെന്ന് തോന്നുന്നില്ല. യുവജനങ്ങൾക്ക് എത്ര പ്രാധാന്യം അദ്ദേഹം നൽകുന്നു എന്നതിന്റെ അനുഭവസ്ഥയാണ് ഞാൻ. തെറ്റുകൾ തിരുത്തുന്നത് പോലെ പ്രധാനമാണ് ശരിയായ വിഷയങ്ങളിൽ അഭിനന്ദിക്കുന്നതും എന്നിങ്ങനെ എല്ലാ കാര്യത്തിലും ശ്രദ്ധിച്ച്, സഹിക്കാൻ കഴിയാത്ത പ്രയാസം വന്നാൽ എപ്പോൾ വേണമെങ്കിലും ഇങ്ങോട്ട് വരാമെന്ന് പറഞ്ഞ്, മുന്നോട്ട് പോകാൻ ഒരുപാട് ദൂരമുണ്ടെന്ന് ബോധ്യപ്പെടുത്തിയ ആ വലിയ മനുഷ്യനോട് എന്നും ഞാൻ കടപ്പെട്ടിരിക്കും. അനാവശ്യമായി അങ്ങനെ കയറിചെല്ലേണ്ടി വന്നില്ലെങ്കിലും അങ്ങനെ ഒരാൾ അവിടെയുണ്ടെന്ന ധൈര്യം ചെറുതായിരുന്നില്ല.

ഈ അവസരത്തിൽ ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. മനസ്സ് കൊണ്ടെങ്കിലും എന്നോടൊപ്പമുണ്ടായിരുന്ന എല്ലാവരോടും നന്ദി. ആരുടെയും പേര് വിട്ടു പോകാൻ പാടില്ലാത്തത്‌ കൊണ്ട് പേരുകൾ പറയുന്നില്ല. സംസ്ഥാന പാർട്ടി നേതൃത്വം സ.കോടിയേരി ബാലകൃഷ്ണൻ,സ.എം വി ഗോവിന്ദൻ മാഷ്, ജില്ലയിലെ പാർട്ടിയ്ക്ക് നേതൃത്വം നൽകിയ സ.ആനാവൂർ നാഗപ്പൻ, സ.വി ജോയി,എന്നിങ്ങനെ താഴെ തട്ട് വരെയുള്ള ഓരോ സഖാക്കളോടും സ്നേഹവും നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭാഗമായ എല്ലാ ഘടകകക്ഷികളോടും നന്ദി. മേയർ സെക്ഷൻ മേയർ സെൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനം ഏറ്റെടുത്തവരെ നിങ്ങൾ എന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.

പ്രായം കുറഞ്ഞ ഒരാളെ തലസ്ഥാനത്തിന്റെ മേയർ എന്ന പദവിയിലേക്ക് എത്തിച്ച എന്റെ പാർട്ടിയുടെ തീരുമാനത്തെ അനുകൂലിച്ചവരെയും, പൊതു ഇടങ്ങളിൽ, സോഷ്യൽ മീഡിയയിൽ ഉൾപ്പടെ പ്രതിരോധം തീർത്ത ഒരുപാട് മനുഷ്യരെയും ഒരിക്കലും മറക്കില്ല. പൊതുരംഗത്ത് എന്റെ ആദ്യപാഠശാല ആയ എന്റെ ബാലസംഘത്തിലെയും സമരജീവിതത്തിന്റെ കരുത്ത് പകർന്ന് എന്നിലെ ആത്മബലത്തെ ഉരുക്കുപോലുറച്ചതാക്കിയ എന്റെ എസ്എഫ്ഐലെയും ഇന്നും എന്റെ രാഷ്ട്രീയത്തെ മൂർച്ചയുള്ളതാക്കി തീർക്കാൻ ആശയകരുത്തായി ഒപ്പമുള്ള എന്റെ ഡിവൈഎഫ്ഐയിലെയും പ്രിയങ്കരരായ സഖാക്കൾക്കും ഈ ഘട്ടത്തിൽ നന്ദി രേഖപെടുത്തുകയാണ്.

സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞ് നിന്ന് നഗരസഭയ്ക്കും പാർട്ടിക്കും സർക്കാരിനും പ്രതിരോധം തീർക്കുന്ന ഇന്നോളം നേരിൽപോലും കണ്ടിട്ടില്ലാത്ത എന്റെ പ്രിയപ്പെട്ട സഖാക്കൾക്കും സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി. നഗരസഭയുടെ പ്രവർത്തനങ്ങൾ ജനസമക്ഷം എത്തിക്കാൻ ചെറിയ ശ്രമം പോലും നടത്തിയ ഓരോ വ്യക്തിയെയും, മാധ്യമ പ്രവർത്തകരെയും മാധ്യമ സ്ഥാപനങ്ങളോടും നന്ദി അറിയിക്കുന്നു.

മുൻപത്തെക്കാൾ ഇന്ന് കുടുംബം വലുതായി. നേരത്തെ സൂചിപ്പിച്ച പ്രയാസങ്ങളോടെ വളർന്ന എനിക്ക് ആ പ്രയാസങ്ങളിൽ വിട്ടുപോകാത്ത ഒരു ജീവിതപങ്കാളിയുമുണ്ട്, ഒരു കുഞ്ഞുമുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തുമുള്ള ഞങ്ങളുടെ കുടുംബങ്ങൾ നൽകിയ പിന്തുണയാണ് എന്നിലെ ജനപ്രതിനിധിയെ നിങ്ങൾക്കായി നൽകിയത്.

മഴപെയ്താൽ ചോർന്നോലിക്കുന്ന ഒരു വീട്ടിൽ നിന്നും 21 വയസ്സുള്ള പെൺകുട്ടി ഈ വലിയ നഗരത്തിന്റെ മേയറായി ചരിത്രമെഴുതുമ്പോൾ സാധാരണക്കാരന്റെയും തൊഴിലാളികളുടെയും പാർട്ടിക്ക് മാത്രമേ ഇങ്ങനെ ഒരു തീരുമാനമെടുക്കാൻ കഴിയു എന്ന് ചരിത്രം പറയും. ഇനിയും സംഘടനാപ്രവർത്തനരംഗത്ത് നിലവിലെ ചുമതലകൾ നിർവ്വഹിച്ച് ജനങ്ങൾക്കിടയിൽ ഉണ്ടാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com