കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്നും മൂന്ന് സീറ്റ് പ്രതീക്ഷിച്ച് പി.വി. അൻവർ. അൻവറിന് പുറമെ സജി മഞ്ഞക്കടമ്പൻ, നിസാർ മേത്തർ എന്നിവർക്കും സീറ്റ് ആവശ്യപ്പെടാനാണ് നീക്കം. സജി മഞ്ഞക്കടമ്പന് വേണ്ടി പൂഞ്ഞാർ സീറ്റ് ആവശ്യപ്പെടും. നിസാർ മേത്തറിനായി തൃക്കരിപ്പൂർ മണ്ഡലം ആവശ്യപ്പെടാനും ആലോചനയുണ്ട്.
അതേസമയം, ബേപ്പൂരിൽ പി.വി. അൻവറിനെ മത്സരിപ്പിക്കാനുള്ള നിർണായക തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയതായി കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. അൻവർ ഇറങ്ങിയാൽ വിജയം ഉറപ്പെന്നാണ് മുന്നണിയുടെ വിലയിരുത്തൽ. ഭരണവിരുദ്ധ വികാരത്തിന് പുറമെ മന്ത്രി മുഹമ്മദ് റിയാസിനോടുള്ള അതൃപ്തിയും ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടൽ. തീരുമാനത്തെ മുസ്ലീം ലീഗും പിന്തുണച്ചു. അൻവറിനെ ബേപ്പൂരിൽ മത്സരിപ്പിക്കുന്നതിൽ ലീഗിനും താൽപര്യമുണ്ട്. അൻവർ മത്സരിച്ചാൽ സിപിഐഎമ്മിൽ അടിയൊഴുക്കുണ്ടാകുമെന്നും വിലയിരുത്തലുണ്ട്.