തിരുവനന്തപുരം: ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാർ ഫ്ലാഗ് ഓഫ് ചടങ്ങ് ഉപേക്ഷിച്ച സംഭവത്തിൽ വിശദീകരണം നൽകി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ വി. ജോയ്. ചടങ്ങ് നടത്തിയ ഇടത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് സ്ഥലപരിമിതി ഉണ്ടായിരുന്നുവെന്നാണ് വിശദീകരണം. ടൈൽ പാകിയിരുന്നതിനാൽ വാഹനങ്ങൾ കയറ്റുന്നതിനും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും വിശദീകരണത്തിൽ പറയുന്നു. എന്നാൽ വിശദീകരണത്തിലും മന്ത്രിയ്ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചനകൾ.
പരിപാടിയുടെ സംഘാടനത്തിൽ വീഴ്ച വരുത്തിയതിന് വി. ജോയിക്ക് ഗതാഗതവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് വി. ജോയ് വിശദീകരണം നൽകിയത്. സംഘാടനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യണമെന്നാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ തീരുമാനം.
മന്ത്രിയുടെ നീരസത്തിൽ ഉദ്ഘാടന തീയതി തീരുമാനിക്കാനാവാത്ത അവസ്ഥയിലാണ് മോട്ടോർ വാഹന വകുപ്പ്. ഇതോടെ വാഹന വകുപ്പിന്റെ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് അനിശ്ചിതത്വത്തിലായി. വാഹനങ്ങൾ നിലവിൽ കെഎസ്‌ആർടിസിയുടെ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ്.
ഇന്നലെ കനകക്കുന്ന് പാലസ് പരിസരത്ത് സംഘടിപ്പിച്ച മോട്ടോർ വാഹന വകുപ്പിൻ്റെ 52 ഔദ്യോഗിക വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് പരിപാടിക്കിടെയായിരുന്നു മന്ത്രി ഇറങ്ങിപ്പോയത്. പരിപാടി സംഘാടനം കൃത്യമായില്ലെന്ന് പറഞ്ഞാണ് മന്ത്രി പരിപാടി ബഹിഷ്കരിച്ചത്. സദസില്‍ ആളില്ലാത്തതിന് കാരണം സംഘാടനകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി മന്ത്രി വേദി വിട്ട് ഇറങ്ങുകയായിരന്നു.