

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീടുകളിലെ റെയ്ഡിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണം സിപിഐഎം ഗൂഢാലോചനയെന്ന് ഇ.ഡി കോടതിയിൽ. ആക്രമണത്തിന് പിന്നിൽ സംഘടിത രാഷ്ട്രീയ നീക്കം ആയിരുന്നു എന്നും ഇ.ഡി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയെ അറിയിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയെ എതിർത്ത് സമർപ്പിച്ച റിപ്പോർട്ടിലാണ് പരാമർശം.
ഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം ഉന്നതനേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചനയാണെന്നും സാഹചര്യ തെളിവുകളിൽ നിന്ന് ഇത് വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ നിയമ സംവിധാനങ്ങൾക്കും ക്രമസമാധാനത്തിനും ഭീഷണിയാകുന്ന തരത്തിലുള്ള ആക്രമണമാണ് ഉണ്ടായത്. ഇരുമ്പുവടികളും കല്ലുകളും ഉപയോഗിച്ച് അവിടെ ഉണ്ടായിരുന്ന സിആർപിഎഫ് ഉദ്യോഗസ്ഥരെയും ഹെൽമറ്റ് ഉൾപ്പെടെ ഉപയോഗിച്ച് എറിയുകയും ആക്രമിക്കുകയും ചെയ്തു. ഇരുമ്പുപൈപ്പുകൾ ഉപയോഗിച്ചാണ് ഗ്ലാസുകൾ തകർത്തത്. മരണം വരെ സംഭവിക്കാവുന്ന കൃത്യമാണ് നടത്തിയതെന്ന് അവർക്ക് അറിയാമായിരുന്നുവെന്നും ഇ.ഡി റിപ്പോർട്ടിൽ പറയുന്നുണ്ട്.
പ്രാദേശികമായ ക്രമസമാധാന പ്രശ്നം അല്ല അവിടെ നടന്നത്. നിയമാവാഴ്ചയ്ക്ക് നേരെയുള്ള വെല്ലുവിളിയാണ്. സിപിഎം പാർട്ടിയോ നേതൃത്വമൊ നിലവിൽ ഈ കേസിന്റെ അന്വേഷണ പരിധിയിൽ ഇല്ല. പ്രതി ടി വീണ താമസിക്കുന്ന വീട്ടിലാണ് റെയ്ഡ് നടത്തിയത്. എന്നിട്ടും ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.