പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സിപിഐഎമ്മിനോട് ഇടഞ്ഞ് എ.വി. ഗോപിനാഥ്. പ്രാദേശിക സിപിഐഎം നേതാക്കൾ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപണം. തെരഞ്ഞെടുപ്പിന് ശേഷം സിപിഐഎമ്മുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ലെന്നും ഗോപിനാഥ് വ്യക്തമാക്കി.
മുഖ്യമന്ത്രി വലിയ വികസന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും ഗോപിനാഥ് പറഞ്ഞു. കോൺഗ്രസിന്റെ നയങ്ങളെയും സംഘടനാപരമായ വിഷയങ്ങളെയും തുടർന്നാണ് അകന്നു നിന്നത്. പ്രാദേശികമായി ചില സിപിഐഎം നേതാക്കൾ തന്നെ തോൽപ്പിക്കാൻ ശ്രമിക്കുകയും അതിനായി ഓപ്പറേഷൻ നടത്തുകയും ചെയ്തു. സിപിഐഎമ്മിൻ്റെ ജില്ലാ നേതൃത്വം തന്നെ വന്നു കണ്ടിരുന്നു. നേതാക്കളുമായി ചർച്ച നടത്തി. 60 വർഷക്കാലമായി തന്നെ തെരഞ്ഞെടുപ്പിൽ തോൽപിക്കാൻ ഒരു ശക്തിക്കും കഴിഞ്ഞിരുന്നില്ലെന്നും ഗോപിനാഥ് പറഞ്ഞു.
നിയമസഭാ സീറ്റ് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ലെന്നും ഗോപിനാഥ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിച്ചു മുന്നോട്ട് പോകുമെന്നും ഗോപിനാഥ് പറഞ്ഞു.