തദ്ദേശ തിളക്കം | വാട്ടർ എടിഎം, കുടുംബശ്രീ വനിതകളുടെ റെസ്ക്യൂ ടീം; നേട്ടം പറയാനൊരുപാടുണ്ട് അഴീക്കോട്‌ ഗ്രാമ പഞ്ചായത്തിന്

മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിയ നിരവധി പദ്ധതികളും മാതൃകപരമായിരുന്നു
അഴീക്കോട് ഗ്രാമപഞ്ചായത്ത്
അഴീക്കോട് ഗ്രാമപഞ്ചായത്ത്Source: facebook
Published on

കണ്ണൂർ: ടൂറിസം-വ്യവസായ മേഖലകളിൽ സാധ്യതകൾ ഏറെയുണ്ട് കണ്ണൂരിലെ അഴീക്കോട്‌ ഗ്രാമ പഞ്ചായത്തിന്. അഴീക്കൽ പോർട്ടും ചാൽ ബീച്ചും ഉൾപ്പെടുന്ന പഞ്ചായത്തിൽ ഇവയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യ വികസനത്തിന്‌ കാര്യമായ പരിഗണനയാണ് ലഭിച്ചത്. മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കിയ നിരവധി പദ്ധതികളും മാതൃകപരമായിരുന്നു.

പടിഞ്ഞാറ് അറബിക്കടലും വടക്ക് വളപട്ടണം പുഴയും അതിരിടുന്ന ഗ്രാമ പഞ്ചായത്ത്‌. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള മനുഷ്യർ അതിവസിക്കുന്നിടത്ത് സർവതലസ്പർശിയായ ഇടപെടൽ നടത്താനായെന്നാണ് എൽഡിഎഫ് ഭരണ സമിതിയുടെ അവകാശവാദം. എണ്ണിപ്പറയാൻ അത്തരത്തിൽ നിരവധി പ്രവർത്തനങ്ങൾ നടപ്പാക്കാനായതാണ് നേട്ടവും.

അഴീക്കോട് ഗ്രാമപഞ്ചായത്ത്
കർഷകർക്ക് മാതൃകയായി കൃഷിമന്ത്രി; നൂറുമേനി വിളവിൽ ചിപ്പിക്കൂൺ കൃഷി

മാലിന്യ നിർമാർജനമെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച വാട്ടർ എടിഎം അഴീക്കോടിന്റെ അഭിമാന പദ്ധതിയാണ്. തുച്ഛമായ പണം നൽകി എടിഎം മാതൃകയിൽ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയിലൂടെ പ്ലാസ്‌റ്റിക് കുപ്പികൾ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.

പ്രകൃതി ക്ഷോഭങ്ങൾ സാരമായി ബാധിക്കുന്ന പഞ്ചായത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതകളുടെ റെസ്ക്യൂ ടീം ഒരുക്കിയതാണ് മറ്റൊരു മാതൃകാ പദ്ധതി. മത്സ്യത്തൊഴിലാളികൾ കൂടുതലായുള്ള പഞ്ചായത്തിൽ ഐസ് ബോക്സ്, സ്‌കൂട്ടർ , ലൈഫ് ജാക്കറ്റ് എന്നിവ നൽകിയതും ഭരണ സമിതിയുടെ നേട്ടമായി. ചാൽ ബീച്ച് ഉൾപ്പെടെ അനന്തമായ ടൂറിസം സാധ്യതകളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ പഞ്ചായത്തിന്റെ ഇടപെടൽ ആഗോള ശ്രദ്ധയും നേടി.

കൈത്തറിയുൾപ്പെടെ നിരവധി വ്യവസായങ്ങളുള്ള പഞ്ചായത്തിൽ സംരംഭകർക്ക് നൽകിയതും മികച്ച പരിഗണന. വില്ലേജ് ഹട്ട് പദ്ധതി വ്യവസായ അന്തരീക്ഷം കൂടുതൽ സമ്പന്നമാക്കി. സഹകരണ സ്ഥാപനങ്ങളെ പങ്കെടുപ്പിച്ച് 9 ഏക്കർ സ്ഥലത്ത് നടത്തിയ നെൽകൃഷി, ഭിന്നശേഷി-ശിശു-സ്ത്രീ സൗഹൃദ പദ്ധതികൾ എന്നിവ കൂടുതൽ സജീവമാക്കാനുള്ള ശ്രമവും നടന്നുവരുന്നു. മലബാറിന്റെ പ്രതീക്ഷയായ അഴീക്കൽ തുറമുഖം ഉൾപ്പെടുന്ന പഞ്ചായത്തിൽ റോഡുകൾ ഉൾപ്പെടെ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങളും മികച്ച രീതിയിൽ മുന്നോട്ട് പോവുകയാണ്. ലൈഫ് പദ്ധതിയിൽ 172 വീടുകൾ നൽകാനായതും ഭരണ സമിതിയുടെ മികവായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com