ആലപ്പുഴ: ആനയ്ക്കരികിൽ സ്വന്തം കൈകുഞ്ഞുമായി സാഹസം കാണിച്ച പാപ്പാൻ അറസ്റ്റിൽ. കൊല്ലം കൊട്ടിയം സ്വദേശി അഭിലാഷ് ആണ് പിടിയിൽ ആയത്. പെരുമ്പാവൂര് നിന്നാണ് ഹരിപ്പാട് പൊലീസ് പ്രതിയെ പിടുകൂടിയത്.
ഈ മാസം മൂന്നിനാണ് സംഭവം. അഞ്ചുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തിയാണ് ഇയാൾ സാഹസം കാണിച്ചത്. ഇതിനിടെ കുഞ്ഞ് പപ്പാൻ്റെ കയ്യിൽ നിന്നു വഴുതി ആനയുടെ കാൽചുവട്ടിലേക്ക് വീഴുകയും ചെയ്തിരുന്നു.
ചോറൂണിനായി കൊണ്ടുവന്ന കുഞ്ഞിനെ വച്ചാണ് അച്ഛനായ പാപ്പാൻ്റെ സാഹസികത. പേടിമാറ്റാൻ എന്ന അന്ധവിശ്വാസത്തിൻ്റെ പേരിലാണ് ചോറൂണിനായി കൊണ്ടുവന്ന കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തിയത്. കുഞ്ഞിനെ ആനയ്ക്ക് കീഴിലൂടെ വലം വെപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ആനയുടെ ഒന്നാം പാപ്പാൻ ഉൾപ്പടെ മദ്യ ലഹരിയിലാണെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പാപ്പാനെതിരെ നടപടിക്കൊരുങ്ങുകയാണ് ദേവസ്വം ബോർഡ്. പാപ്പാനെ കൊന്നതിനെ തുടർന്ന് മാസങ്ങളായി തളച്ചിട്ടിരിക്കുന്ന ആനയുടെ അടുത്ത് വച്ചാണ് സ്വന്തം കുഞ്ഞുമായി പാപ്പാൻ സാഹസം കാണിച്ചത്.