
ബാലരാമപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ അമ്മ ശ്രീതുവിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. തമിഴ്നാട്ടിൽ നിന്ന് ബാലരാമപുരം പൊലീസ് ആണ് ഇന്നലെ ഇവരെ അറസ്റ്റ് ചെയ്തത്.
കൊലപാതകത്തിൽ ശ്രീതുവിൻ്റെ പങ്ക് വ്യക്തമായെന്ന് പൊലീസ് അറിയിച്ചു. കിണറ്റിൽ എറിഞ്ഞത് ശ്രീതുവിൻ്റെ അറിവോടെയാണെന്ന് ഒന്നാം പ്രതിയായ സഹോദരൻ ഹരികുമാറിൻ്റെ മൊഴിയാണ് ശ്രീതുവിനെ കുടുക്കിയത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ബാലരാമപുരത്തെ ശ്രീതുവിന്റെ മകള്‍ രണ്ടുവയസ്സുകാരിയായ ദേവേന്ദുവിനെ വീട്ടില്‍നിന്ന് കാണാതായെന്ന വാർത്തയാണ് ആദ്യം പുറത്ത് വന്നത്. പരിസരത്തെ സി.സി.ടി. വി ദൃശ്യങ്ങൾ പൊലീസ് അരിച്ച് പെറുക്കിയെങ്കിലും ഒന്നും കണ്ടത്താൻ സാധിച്ചിരുന്നില്ല.
സമീപ പ്രദേശങ്ങളിൽ നാട്ടുകാരും പൊലീസും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കിണറ്റില്‍ നിന്ന് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയത്. ശ്രീതുവിനെതിരെ തെളിവ് ലഭിക്കാത്തതിനാൽ അന്വേഷണ സംഘം കൊലപാതക കേസിൽ അറസ്റ്റ് ചെയ്തിരുന്നില്ല. ചോദ്യം ചെയ്ത് വിട്ടയക്കുകയായിരുന്നു.
പിന്നീട് സാമ്പത്തിക തട്ടിപ്പ് കേസിൽ ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ ശ്രീതു ഒളിവിൽ പോകുകയായിരുന്നു. ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതില്‍ നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന ബദ്ധവും കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളും പൊലീസിന് വ്യക്തമായത്.
ഹരികുമാര്‍ മാത്രമാണ് കൊലക്കേസിലെ പ്രതി എന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. എന്നാല്‍, വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇതോടെയാണ് ശ്രീതുവിനെയും കേസില്‍ രണ്ടാം പ്രതിയായി ചേര്‍ത്ത് അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് ഇന്നലെ രാത്രി ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു.