''വിഎസ് അന്തരിച്ചു എന്ന് കേട്ടയുടനെ തന്നെ ഏതാനും ചില തീവ്രവാദികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു; ഇവര്‍ പരിഷ്‌കൃത സമൂഹത്തിന് അപമാനം''

"വിഎസിന്റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ ആക്രമണം പതിറ്റാണ്ടുകള്‍ നേരിട്ട ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടില്ലേ"
ബഷീർ വള്ളിക്കുന്ന്, വിഎസ് അച്യുതാനന്ദൻ
ബഷീർ വള്ളിക്കുന്ന്, വിഎസ് അച്യുതാനന്ദൻ
Published on

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെതിരെ വിദ്വേഷ പോസ്റ്റിടുന്നവരെയും വര്‍ഗീയ വാദിയെന്ന തരത്തില്‍ പ്രചരണങ്ങള്‍ നടത്തുകയും ചെയ്യുന്നതില്‍ വിമര്‍ശനവുമായി സാമൂഹ്യ നിരീക്ഷകന്‍ ബഷീര്‍ വള്ളിക്കുന്ന്. വിഎസിനെ അധിക്ഷേപിച്ചവരെ തീവ്രവാദികള്‍ എന്ന് വിളിച്ചുകൊണ്ടാണ് ബഷീര്‍ വള്ളിക്കുന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ഒരു നൂറ്റാണ്ടിന്റെ ഐതിഹാസികമായ പൊതുപ്രവത്തന പാരമ്പര്യമുള്ള ഒരു മനുഷ്യന്‍ മരിച്ചു കിടക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കാറ്റില്‍ പറത്തിയാണ് ഈ വൃത്തികെട്ടവന്മാര്‍ അസംബന്ധങ്ങള്‍ എഴുതിക്കൂട്ടുന്നതെന്ന് അദ്ദേഹം പോസ്റ്റില്‍ പറയുന്നു.

ബഷീർ വള്ളിക്കുന്ന്, വിഎസ് അച്യുതാനന്ദൻ
പോരാട്ടത്തിന്‍ പൊന്‍മുത്തേ... പുന്നപ്രയുടെ സന്തതിയേ... വിഎസ് വീടണഞ്ഞു

വിഎസിനോടും വിഎസ് ഉയര്‍ത്തിപ്പിടിച്ച ആശയങ്ങളോടും വിയോജിപ്പ് ഉണ്ടാകുമ്പോഴും ഇത്തരം ഘട്ടങ്ങളില്‍ അവര്‍ ഉയര്‍ത്തിപ്പിടിച്ച സമഗ്രതയെ ആണ് ഓര്‍ക്കേണ്ടതെന്നും ബഷീര്‍ വള്ളിക്കുന്ന പറയുന്നു.

വിഎസിന്റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ ആക്രമണം പതിറ്റാണ്ടുകള്‍ നേരിട്ട ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടില്ലേ. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിനും ആ അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനും വി എസ് ചെയ്ത സേവനങ്ങളെ ഓര്‍മിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്തത്. അതാണ് രാഷ്ട്രീയ ധാര്‍മികത, വിഴുപ്പുകള്‍ അലക്കാനുള്ള അവസരമല്ല ഇതെന്ന തിരിച്ചറിവാണ് ആ പ്രതികരണങ്ങളുടെ ജീവന്‍ എന്നും അദ്ദേഹം പറയുന്നു.

ഒരു നാട് മുഴുക്കെ തെരുവില്‍ കാത്ത് നിന്ന് അന്തിമോപചാരം അര്‍പ്പിക്കുന്ന ഒരു ഘട്ടത്തില്‍ ഇത്തരം വൃത്തികെട്ട ചൊറിഞ്ഞു മാന്തല്‍ നടത്തുന്ന വിഷജീവികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അപമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഎസ് മരിച്ച ദിവസം മുതല്‍ ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ അടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ വിദ്വേഷ പ്രചരണങ്ങളില്‍ പൊലീസ് കേസെടുത്തിരുന്നു.

ഹമീദ് വാണിയമ്പലത്തിന്റെ മകന്‍ യാസീന്‍ അഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും കോണ്‍ഗ്രസ് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തക വൃന്ദയ്‌ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വിഎസ് അന്തരിച്ചു എന്ന് കേട്ടയുടനെ തന്നെ ഏതാനും ചില തീവ്രവാദികള്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നു, അദ്ദേഹത്തിന്റെ ഒരു നൂറ്റാണ്ട് പിന്നിട്ട സമര തീഷ്ണമായ ജീവിതത്തില്‍ നിന്ന് ഒന്നോ രണ്ടോ വിവാദവിഷയങ്ങളെ ചെറി പിക്ക് നടത്തി പൊതുമധ്യത്തില്‍ അസഹനീയമാം വിധം പോസ്റ്റുമോര്‍ട്ടം നടത്തുന്ന കാഴ്ച.

ഒരു നൂറ്റാണ്ടിന്റെ ഐതിഹാസികമായ പൊതുപ്രവത്തന പാരമ്പര്യമുള്ള ഒരു മനുഷ്യന്‍ മരിച്ചു കിടക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യ മര്യാദ പോലും കാറ്റില്‍ പറത്തിയാണ് ഈ വൃത്തികെട്ടവന്മാര്‍ അസംബന്ധങ്ങള്‍ എഴുതിക്കൂട്ടുന്നത്. വി എസിനോടും വി എസ് ഉയര്‍ത്തിപ്പിടിച്ച നിലപാടുകളോടും വിയോജിപ്പുള്ളവര്‍ ധാരാളമുണ്ടാകും. കൊണ്ടും കൊടുത്തും സംവാദങ്ങളില്‍ ഏര്‍പ്പെട്ടും തന്നെയാണ് അവരൊക്കെ മുന്നോട്ട് പോയിട്ടുള്ളത്. പൊതുരംഗത്ത് അത് സാധാരണവുമാണ്. ഈ പ്രൊഫൈലിലും വിമര്‍ശിച്ചും അനുകൂലിച്ചും ധാരാളം എഴുതിയിട്ടുണ്ട്. തികച്ചും സ്വാഭാവികമായ ആശയ സംവാദ പ്രക്രിയയയുടെ ഭാഗമാണത്.

എന്നാല്‍ പൊതുരംഗത്ത് നിറഞ്ഞു നിന്ന ഒരു മനുഷ്യന്‍ മരിച്ചു കിടക്കുമ്പോള്‍ ഓര്‍ക്കേണ്ടതും സ്മരിക്കേണ്ടതും ആ ജീവിതത്തിന്റെ സമഗ്രതയെ ആണ്. ആ ജീവിതം നല്‍കിയ സന്ദേശങ്ങളുടെ ആകെത്തുകയെ ആണ്. വ്യക്തിതലത്തില്‍ വിഎസിന്റെ ഏറ്റവും രൂക്ഷമായ രാഷ്ട്രീയ ആക്രമണം പതിറ്റാണ്ടുകള്‍ നേരിട്ട ഒരു നേതാവാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ടില്ലേ. തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തിനും ആ അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനും വി എസ് ചെയ്ത സേവനങ്ങളെ ഓര്‍മിച്ചെടുക്കുകയാണ് അദ്ദേഹം ചെയ്തത്. അതാണ് രാഷ്ട്രീയ ധാര്‍മികത, വിഴുപ്പുകള്‍ അലക്കാനുള്ള അവസരമല്ല ഇതെന്ന തിരിച്ചറിവാണ് ആ പ്രതികരണങ്ങളുടെ ജീവന്‍.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അറപ്പുളവാക്കും വിധം പ്രതികരണം നടത്തുന്ന ഈ വിഷജീവികള്‍ ചെയ്യുന്നത് നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ അത്യധികം മലിനമാക്കുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട ആ ജീവിതത്തിന്റെ ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരു വാക്കോ ഒരു പ്രസ്താവനയോ ഇഴകീറി പിരിച്ചെടുത്ത് ചൊറിഞ്ഞു മാന്തുന്നതിനുള്ള അവസരമായാണ് അവര്‍ ഒരു മരണവേളയെ കാണുന്നത്.

അടിസ്ഥാന വര്‍ഗത്തിന്റെ ഉയിരിനും നിലനില്പിനും വേണ്ടി ഒരു നൂറ്റാണ്ടിന്റെ ജീവിതം മാറ്റിവെച്ച ഒരു ചരിത്രപുരുഷന് 'കണ്ണേ കരളേ' എന്ന് ഒരു നാട് മുഴുക്കെ തെരുവില്‍ കാത്ത് നിന്ന് അന്തിമോപചാരം അര്‍പ്പിക്കുന്ന ഒരു ഘട്ടത്തില്‍ ഇത്തരം വൃത്തികെട്ട ചൊറിഞ്ഞു മാന്തല്‍ നടത്തുന്ന വിഷജീവികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന്റെ അപമാനമാണ്. കണ്ടാല്‍ കുളിക്കേണ്ട അശ്ളീല ജന്മങ്ങള്‍ എന്നേ അവറ്റകളെ വിളിക്കാന്‍ പറ്റൂ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com