തിരുവനന്തപുരം: ഇനി ഒഴിഞ്ഞ മദ്യക്കുപ്പികൾ തെരുവിൽ വലിച്ചെറിയേണ്ട. മദ്യക്കുപ്പികൾ തിരികെ എത്തിക്കാനുള്ള പദ്ധതി ആവിഷ്കരിക്കുകയാണ് ബെവ്കോ. ബെവ്‌കോയിൽ നിന്ന് വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ബെവ്‌കോ തന്നെ തിരിച്ചെടുക്കും. മദ്യത്തിന്റെ വിലക്ക് ഒപ്പം 20 രൂപ ഡെപ്പോസിറ്റ് വാങ്ങി ആകും നടപടി. പ്ലാസ്റ്റിക് കുപ്പികൾ അതാത് ഔട്ട്ലെറ്റുകളിൽ തിരിച്ചെത്തിച്ചാൽ 20 രൂപ തിരിച്ചു നൽകും.
വലിയ തോതിൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ബീവറേജസ് കോർപ്പറേഷനെന്നും 70 കോടി മദ്യക്കുപ്പികളാണ് പ്രതിവർഷം വിറ്റഴിക്കപ്പെടുന്നതെന്നും മന്ത്രി എം.ബി. രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൂർണമായും മദ്യക്കുപ്പികൾ ചില്ലുകുപ്പികളാക്കി മാറ്റുകയെന്നത് ഒറ്റയടിക്ക് സാധ്യമായ കാര്യമല്ല. 800 രൂപയ്ക്ക് മുകളിലുള്ള എല്ലാ മദ്യവും ഗ്ലാസ് ബോട്ടിലുകളാക്കി മാറ്റുമെന്നും മന്ത്രി അറിയിച്ചു.
800 രൂപയ്ക്ക് താഴെയുള്ള മദ്യങ്ങൾ പ്ലാസ്റ്റിക് ബോട്ടിലുകളാണെന്നും അവ തിരിച്ചെടുക്കാനുള്ള സംവിധാനമാണ് കുപ്പികൾ തിരികെ എത്തിക്കുന്നതിലൂടെ സർക്കാർ ആലോചിക്കുന്നതെന്നും മന്ത്രി അറിയിച്ചു. മദ്യത്തോടൊപ്പം ഡെപ്പോസിറ്റായി 20 രൂപ വാങ്ങിക്കുകയും ക്യൂആർ കോഡ് പതിപ്പിച്ച ബോട്ടിൽ തിരികെ എത്തിച്ചാൽ ആ 20 രൂപ തിരികെ ലഭിക്കുകയും ചെയ്യും. ഇത് സംബന്ധിച്ച് നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
വർഷം 70 കോടി മദ്യക്കുപ്പികൾ വിറ്റഴിക്കുന്നതിൽ 80 ശതമാനവും പ്ലാസ്റ്റിക് ബോട്ടിലുകളാണ്. അത്രയും ബോട്ടിലുകൾ തെരുവിൽ വലിച്ചെറിയുന്നതിന് പരിഹാരമാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗ്രീൻ കേരള കമ്പനിയുമായി ചേർന്ന് സെപ്റ്റംബർ മാസത്തോടെ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് ആരംഭിക്കുക. അടുത്ത വർഷം ജനുവരിയോടെ സംസ്ഥാനവ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.