അധ്യാപകരുടെയും സഹപാഠികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, ദൃശ്യങ്ങള്‍...; ശ്രീഹരി ഒറ്റയ്ക്കല്ല? കൂടുതല്‍ അറസ്റ്റിനും സാധ്യത

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു
അധ്യാപകരുടെയും സഹപാഠികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, ദൃശ്യങ്ങള്‍...; ശ്രീഹരി ഒറ്റയ്ക്കല്ല? കൂടുതല്‍ അറസ്റ്റിനും സാധ്യത
Published on
Updated on

തൃക്കാക്കര ഭാരത മാതാ കോളേജിലെ അധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങളും വീഡിയോകളും മോർഫ് ചെയ്ത് പ്രചരിപ്പിച്ച കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ പണം വാങ്ങി വിറ്റു. ടെലഗ്രാം ആപ്പിലൂടെ ആയിരുന്നു വിൽപ്പന. സംഭവത്തിനു പിന്നിൽ വിവിധ കോളേജിലെ വിദ്യാർഥികൾ അടങ്ങുന്ന ഗ്രൂപ്പ് ഉണ്ടെന്നാണ് സംശയം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് സംശയിക്കുന്നു. ഇക്കാര്യങ്ങള്‍ കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്.

കേസിൽ അറസ്റ്റിലായ രണ്ടാം വർഷ ബിബിഎ ലോജിസ്റ്റിക്സ് വിദ്യാർഥിയായ ശ്രീഹരി എസിനെ തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ സൈബർ വിദഗ്ധന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. ശ്രീഹരിയുടെ ഫോണിന്റെയും ലാപ്ടോപ്പിന്റെയും പ്രാഥമിക പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ഫോട്ടോ മോർഫ് ചെയ്തതായും വ്യാജ ദൃശ്യങ്ങൾ ടെലഗ്രാം ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചുവെന്നും ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ട്.

​2025 ഡിസംബർ 1 മുതൽ 2026 സെപ്റ്റംബർ 2 വരെ കാലയളവിലാണ് കേസിനാസ്പദമായ സംഭവം എന്നാണ് അറിയുന്നത്. അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങളും വീഡിയോകളും അവരുടെ അനുവാദമില്ലാതെ രഹസ്യമായി ശേഖരിച്ച ശ്രീഹരി, ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇവ അശ്ലീല ദൃശ്യങ്ങളാക്കി മാറ്റുകയായിരുന്നു. തുടർന്ന് ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ വിവിധ ഗ്രൂപ്പുകളിലേക്കും വ്യക്തികൾക്കും ദൃശ്യങ്ങൾ പണം വാങ്ങി നൽകിയെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പണ ഇടപാടുകളുടെ വിവരങ്ങൾ ഇയാളുടെ ഫോണിലെ ചാറ്റുകളിൽ നിന്ന് ലഭിച്ചു. അധ്യാപകർ ക്ലാസ് റൂമുകളിൽ പഠിപ്പിക്കുന്നതും, പെൺകുട്ടികളുടെ ഹോസ്റ്റലുകൾക്കുള്ളിലെ ദൃശ്യങ്ങളും ഇയാളിൽ നിന്ന് കണ്ടെത്തി. ഇത് കൂടുതൽ പേരുടെ പങ്കാളിത്തം ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

അധ്യാപകരുടെയും സഹപാഠികളുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍, ദൃശ്യങ്ങള്‍...; ശ്രീഹരി ഒറ്റയ്ക്കല്ല? കൂടുതല്‍ അറസ്റ്റിനും സാധ്യത
ജനിച്ചപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ സൂചി! വേദനയുമായി ഒരു വര്‍ഷം; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഗുരുതര പിഴവെന്ന് പരാതി

ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർഥികൾ ഈ ടെലഗ്രാം ഗ്രൂപ്പിൽ അംഗങ്ങളാണെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു. ഭാരത് മാതാ കോളേജിലെ തന്നെ മറ്റു ചില വിദ്യാർഥികൾ ഉൾപ്പെടെ കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന സൂചന. കൃത്യമായ തെളിവുകള്‍ ലഭിക്കുന്ന മുറയ്ക്ക് കൂടുതൽ അറസ്റ്റ് ഉണ്ടാകും.

പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ പോലും ഇത്തരത്തിൽ ഇവർ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നും അന്വേഷിച്ചുവരികയാണ്. പ്രതി ശ്രീഹരിയെ വൈദ്യ പരിശോധനയ്ക്കു ശേഷം ഇന്ന് ഉച്ചയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കേസിൽ ശാസ്ത്രീയ പരിശോധനകൾ ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com