ജനിച്ചപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ സൂചി! വേദനയുമായി ഒരു വര്‍ഷം; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഗുരുതര പിഴവെന്ന് പരാതി

ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സൂചി കണ്ടെത്തി പുറത്തെടുത്തത്.
ജനിച്ചപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ സൂചി! വേദനയുമായി ഒരു വര്‍ഷം; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഗുരുതര പിഴവെന്ന് പരാതി
Published on
Updated on

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് പരാതി. ഒരു വയസ്സുള്ള കുഞ്ഞിന്റെ ശരീരത്തില്‍നിന്ന് ശസ്ത്രക്രിയയിലൂടെ സൂചി പുറത്തെടുത്തു. കുഞ്ഞ് ജനിച്ചപ്പോള്‍ നല്‍കിയ കുത്തിവെപ്പിനിടെ ശരീരത്തില്‍ കുടുങ്ങിയതെന്നാണ് മാതാപിതാക്കളുടെ ആരോപണം. ഒരു വര്‍ഷമായി കുഞ്ഞിന്റെ ശരീരത്തില്‍ തടിപ്പും വേദനയും അനുഭവപ്പെട്ടിരുന്നു. ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിച്ചിരുന്നെങ്കിലും, സ്കാനിങ്ങില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ഒടുവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് സൂചി കണ്ടെത്തി പുറത്തെടുത്തത്. ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം പരാതി നല്‍കി.

കോഴിക്കോട് ചാത്തമംഗലം സ്വദേശി വിനീഷിന്റെയും ഏറ്റുമാനൂര്‍ സ്വദേശിനി അഞ്ജുവിന്റെയും ഒരു വയസുള്ള മകളുടെ ശരീരത്തിലാണ് സൂചി കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ജൂണില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അഞ്ജുവിന്റെ പ്രസവം. ജനനത്തിനു പിന്നാലെ കുഞ്ഞിന് പനിയും, ശരീരത്തിന് മഞ്ഞപ്പും ഉണ്ടായതിനെത്തുടര്‍ന്ന് എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. അതിനുശേഷമാണ് കുഞ്ഞിന്റെ ശരീരത്തില്‍ അസ്വാഭാവികമായ തടിപ്പ് കുടുംബം ശ്രദ്ധിച്ചത്. കുഞ്ഞിന്റെ വലതുഭാഗത്ത്, വാരിയെല്ലിന്റെ അടുത്തായി എന്തോ ഒന്ന് കൂര്‍ത്ത് ഉള്ളില്‍നിന്ന് തള്ളിനില്‍ക്കുന്നതുപോലെ ആയിരുന്നു അത്. ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് സ്കാനിങ് നടത്തി. സ്കാനിങ്ങില്‍ പ്രശ്നങ്ങളൊന്നും ഇല്ലെന്നു പറഞ്ഞ് അധികൃതര്‍ കുടുംബത്തെ മടക്കിയയച്ചു. പലതവണ ഡോക്ടര്‍മാരെ കാണിച്ചെങ്കിലും കുഴപ്പം ഇല്ലെന്ന മറുപടി ആവര്‍ത്തിക്കപ്പെട്ടു.

ജനിച്ചപ്പോള്‍ ഉള്ളില്‍ കുടുങ്ങിയ സൂചി! വേദനയുമായി ഒരു വര്‍ഷം; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ഗുരുതര പിഴവെന്ന് പരാതി
അഭിമാനമുഹൂർത്തം; ജിഎസ്എൽവി എഫ്17 വിജയകരമായി വിക്ഷേപിച്ചു

രണ്ടു മാസം മുമ്പ്, തടിപ്പ് വീണ്ടും വലുതായതോടെ മാതാപിതാക്കള്‍ കുഞ്ഞിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ വാരിയെല്ലിനു സമീപത്തായുള്ളത് സൂചിയാണെന്ന് മനസിലായത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലാണ് ശരീരത്തിനുള്ളിൽ കുടുങ്ങിക്കിടന്ന സൂചി പുറത്തെടുത്തത്.

കുട്ടിയുടെ ചികിത്സയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അഞ്ജു ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെ എങ്ങനെയാണ് സൂചി ശരീരത്തിൽ കുടുങ്ങിയതെന്നും തുടർപരിശോധനകളിൽ ഇത് കണ്ടെത്താതെ പോയതെങ്ങനെയെന്നും അന്വേഷണത്തിൽ പരിശോധിക്കും.

News Malayalam 24x7
newsmalayalam.com