
'ഭാരതാംബാ' വിവാദത്തിൽ സർക്കാരും ഗവർണറും തമ്മിൽ കത്തിലൂടെ പോര്. വിദ്യാഭ്യാസമന്ത്രി പ്രോട്ടോകോൾ ലംഘിച്ചെന്ന് ആവർത്തിക്കുന്ന ഗവർണർ രാജേന്ദ്ര അർലേക്കർ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് വീണ്ടും കത്തയയ്ക്കും. കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാറുടെ വിശദീകരണം വിസി ഗവർണർക്ക് കൈമാറും. ഗവർണറെ തെറ്റായി ഉപദേശിക്കുന്നത് രാജ്ഭവനിലെ രണ്ട് ആർഎസ്എസുകാരാണെന്ന് വി.ശിവൻകുട്ടി ആരോപിച്ചു.
ഭരണഘടനയെ തൊട്ട് സത്യം ചെയ്ത വിദ്യാഭ്യാസമന്ത്രിക്ക് കാവിക്കൊടിയേന്തിയ ഭാരതാംബയെ കണ്ടാൽ ഇറങ്ങിപ്പോരാനേ കഴിയൂ എന്നാണ് ഗവർണറുടെ കത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നൽകിയ മറുപടി.അതിൽ തൃപ്തനല്ല ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. പരിപാടി കഴിയാതെ വേദി വിട്ട വി. ശിവൻകുട്ടി പ്രോട്ടോകോൾ ലംഘനം നടത്തിയെന്നും ഗവർണർ പദവിയെ അവഹേളിച്ചെന്നുമാണ് രാജ്ഭവൻ ആവർത്തിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് വീണ്ടും കത്തയയ്ക്കും. അതായത് പ്രോട്ടോകോൾ ലംഘനമുയർത്തി ഗവർണറും ഭരണഘടന ഉയർത്തിക്കാട്ടി സർക്കാരും കത്തിലൂടെയുള്ള പോര് തുടരുമെന്ന് വ്യക്തം. ഗവർണറെ തെറ്റായി ഉപദേശിക്കുന്ന രാജ്ഭവനിലെ ആർഎസ്എസുകാരെ പുറത്താക്കണമെന്ന് വിദ്യാഭ്യാസമന്ത്രി ന്യൂസ് മലയാളത്തോട് പറഞ്ഞു.
സർക്കാരും ഗവർണറും തമ്മിലുള്ള പോര് പോലെ തന്നെ ഭാരതാംബയെ ചൊല്ലി കേരള സർവകലാശാല വൈസ് ചാൻസലറും രജിസ്ട്രാറും തമ്മിലും ഏറ്റുമുട്ടുകയാണ്. സെനറ്റ് ഹാളിലെ സംഘർഷത്തിൽ വിസി രണ്ടാമത് ചോദിച്ച വിശദീകരണത്തിന് നേരത്തെ എല്ലാം വിശദീകരിച്ചതാണെന്നായിരുന്നു രജിസ്ട്രാറുടെ മറുപടി. മത ചിഹ്നം വെച്ചതാണ് സംഘർഷത്തിന് കാരണം എന്നായിരുന്നു രജിസ്ട്രാറുടെ റിപ്പോർട്ട്. എന്താണ് മതചിഹ്നം എന്നു വ്യക്തമാക്കണമെന്നായിരുന്നു വിസിയുടെ ആവശ്യം. രജിസ്ട്രാർ നൽകിയ വിശദീകരണം വിസി ചാൻസലറായ ഗവർണർക്ക് കൈമാറും. രജിസ്ട്രാറുടെ മറുപടിയിൽ ഗവർണർ എന്ത് നിലപാടെടുക്കും എന്നതാണ് ഇനി അറിയേണ്ടത്.