
സൂംബ വിവാദത്തിൽ മത സംഘടനകളെ വീണ്ടും വിമർശിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ന്യൂനപക്ഷ അവകാശങ്ങളുടെ പേരിൽ അതിരുകൾ ലംഘിക്കരുത്. പദ്ധതിയിൽ നിന്ന് ഒരടി പിന്നോട്ടില്ല. മതം പറഞ്ഞ് നല്ല പ്രവൃത്തികൾക്ക് തടസം നിൽക്കരുതെന്നും ന്യൂസ് മലയാളത്തോട് മന്ത്രി പറഞ്ഞു.
സ്കൂളുകളിലെ സൂംബ വിവാദത്തിൽ മുസ്ലീം സംഘടനകൾ എതിർപ്പ് കടുപ്പിക്കുമ്പോള്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനോട് ഇന്നത് ചെയ്യണം എന്ന് ആജ്ഞാപിക്കാൻ വന്നാൽ അത് നടപ്പാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു . ഇതൊക്കെ സംസാരിക്കാൻ ഈ സംഘടനകളെ ആര് ചുമതലപ്പെടുത്തി എന്നും മന്ത്രി ചോദിച്ചു.
സൂംബയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി തെറ്റിദ്ധാരണ ആണെങ്കിൽ പറഞ്ഞു മനസിലാക്കുമെന്നും വ്യക്തമാക്കി. രാഷ്ട്രീയമാണെങ്കിൽ അങ്ങനെ നേരിടും . എന്തിനും വിവാദമുണ്ടാക്കുന്ന നില ശരിയല്ല. സ്കൂളുകളിൽ എന്തൊക്കെ ചെയ്യണം എന്ന് തീരുമാനം എടുക്കാൻ ഇവിടെ വിദ്യാഭ്യാസ വകുപ്പുണ്ട്. പഠിപ്പിക്കേണ്ട വിഷയങ്ങൾ തീരുമാനിക്കാൻ എൻസിഇആർടിയും എസ്ഇആർടിയും ഒക്കെ ഉണ്ട്. മറ്റാരെയും ഒന്നിനും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.