കൊച്ചി: ലൈംഗിക പീഡന കേസിൽ ബിഗ് ബോസ് താരം ഷിയാസ് കരീമിൻ്റെ വാദങ്ങൾ തെറ്റെന്ന് തെളിയിച്ച് പരാതിക്കാരിയുമായുള്ള ചാറ്റ്. ഷിയാസ് പലവട്ടം പരാതിക്കാരിയോട് പണം ചോദിച്ചു. ജീവിതകാലം ഒപ്പമുണ്ടാകും എന്നായിരുന്നു ഷിയാസിൻ്റെ വാഗ്ദാനം. ബന്ധം പുറത്ത് അറിയാതിരിക്കാൻ കുറച്ച് ശ്രദ്ധിക്കണം എന്നും ഇൻസ്റ്റഗ്രാം ചാറ്റിലുണ്ട്. എന്നാൽ അറുപതുകാരിയായ പരാതിക്കാരി വ്യാജ പരാതിയാണ് നൽകിയതെന്ന് ഷിയാസ് ആരോപിച്ചു.
ഷിയാസ് യുവതിയോട് പലപ്പോഴായി പണം ആവശ്യപ്പെട്ടതിന്റെ തെളിവാണ് പരാതിക്കാരി പുറത്തുവിട്ടത്. പുതിയ ജിമ്മിന്റെ അവശ്യങ്ങൾക്കാണെന്ന് പറഞ്ഞാണ് പണം ആവശ്യപ്പെട്ടത്. കല്യാണ ആവശ്യങ്ങൾക്കും പണം വാങ്ങി. കല്യാണത്തിന് മെഹർ വാങ്ങാനും മറ്റ് ആവശ്യങ്ങൾക്കും പണം വേണമെന്നും ടാക്സ് പ്രശ്നങ്ങൾ ഉള്ളതിനാൽ ക്യാഷായി നൽകിയാൽ മതിയെന്നും പറഞ്ഞെന്നാണ് പരാതിക്കാരി പറയുന്നത്. യുവതിയുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റിങ്ങ് വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
എന്നാൽ തനിക്കെതിരായ പരാതി കള്ളക്കേസാണെന്നും പരാതി ഉന്നയിച്ച സ്ത്രീ തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണെന്നുമാണ് ഷിയാസിന്റെ വാദം. ഈ സ്ത്രീ തന്റെ വീട്ടുകാരിൽ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നും ഇവർക്കെതിരെ താൻ മുൻപ് കേസ് കൊടുത്തതിലെ വൈരാഗ്യമാണ് ഇപ്പോൾ കാണിക്കുന്നതെന്നും ഷിയാസ് പറയുന്നു. പരാതിയിൽ ഷിയാസ് കരീമിനെതിരെ കഴിഞ്ഞ ദിവസമാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനും, സാമ്പത്തിക വഞ്ചനയ്ക്കും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്.