കൊച്ചി: ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിനെതിരെ സാമ്പത്തിക, ലൈംഗിക ചൂഷണ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനും, സാമ്പത്തിക വഞ്ചനയ്ക്കും, ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തത്. കൊച്ചി സ്വദേശിയാണ് പരാതി നൽകിയത്.
65 ലക്ഷം രൂപ തട്ടി എടുത്തതായും, തൻ്റെ ഫോട്ടോ, അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വ്യക്തമാക്കിയാണ് പരാതി. അശ്ലീല ചാറ്റ് അടക്കമുള്ളവയുടെ സ്ക്രീൻ ഷോട്ട് നൽകിയാണ് യുവതി പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. നേരത്തെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്ന മറ്റൊരു യുവതിയുടെ പരാതിയിൽ ഷിയാസ് കരീം അറസ്റ്റിലായിരുന്നു.
മൂന്നു വർഷം മുൻപ് ചെന്നൈ വിമാനത്താവളത്തിൽവച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഫിറ്റ്നസ് ട്രെയ്നറായിരുന്ന കാസർഗോഡ് സ്വദേശിയാണ് അന്ന് പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും പലപ്പോഴായി 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും അന്ന് യുവതി ആരോപിച്ചിരുന്നു