തൃശൂർ: പുതുക്കാടിൽ കാൽനടയാത്രക്കാരിയെ ഇടിച്ചു തെറിപ്പിച്ച ശേഷം കടന്നു കളഞ്ഞ ബൈക്ക് യാത്രക്കാരൻ പിടിയിൽ. പുതുക്കാട് തെക്കേ താറെവ് സ്വദേശി ഇമ്മാനുവലിനെ(19) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മുപ്ലിയം സ്വദേശി സെലിൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിനു ശേഷം നിർത്താതെ പോയ ബൈക്ക് രണ്ടുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പൊലീസ് കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. സിഗ്നൽ തെറ്റിച്ചെത്തിയ 19കാരൻ യുവതിയെ ഇടിച്ചിട്ട് നിർത്താതെ പോവുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ സെലിനെ ഇപ്പോഴും ഐസിയു-വിൽ നിന്ന് മാറ്റിയിട്ടില്ല. മേഖലയിലെ 50 ഓളം സിസിടിവി ക്യാമറകളാണ് ഈ സമയം പൊലീസ് പരിശോധിച്ചത്. പുതുക്കാട് സിഗ്നൽ കടന്ന ബൈക്ക് പാലിയേക്കര ടോൾപ്ലാസ കടന്നിട്ടില്ലെന്ന്, മനസ്സിലാക്കിയതോടെ പൊലീസ് അന്വേഷണം പുതുക്കാട് സെൻ്റർ കേന്ദ്രീകരിച്ചായി.
അപകട സമയത്ത് പിറകിലുണ്ടായിരുന്ന ബസ്സിലെ നിരീക്ഷണ ക്യാമറയിൽ നിന്നാണ് ബൈക്കിന്റെ നമ്പർ ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പുതുക്കാട് സിഗ്നലിനു ശേഷം കേളിപ്പാടം ഭാഗത്തേക്ക് തിരിഞ്ഞ സ്പ്ലെണ്ടർ ബൈക്കാണ് അപകടമുണ്ടാക്കിയതെന്ന് മനസ്സിലായി. ബൈക്കിന്റെ നമ്പർ ഉപയോഗിച്ച് ഉടമയെ കണ്ടെത്തിയ പൊലീസ് താമസിയാതെ വീട്ടിലെത്തി ഇമ്മാനുവലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർഥിയാണ് ഇമ്മാനുവൽ. അവധിക്കെത്തിയ യുവാവ് പുതുക്കാട് കോഫി ഷോപ്പിൽ താൽക്കാലികമായി ജോലി ചെയ്യുകയായിരുന്നു. രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം.