ബിൽജിത്ത് ഇനിയും ജീവിക്കും; എട്ട് അവയവങ്ങള്‍ ദാനം ചെയ്തു

ഇന്ന് രാവിലെയോടെയാണ് ബിൽജിത്തിൻ്റെ ഹൃദയം കൊല്ലം സ്വദേശിയായ 13കാരിയുടെ ജീവന് തുടിപ്പ് നൽകിയത്.
biljith
Source: News Malayalam 24x7
Published on

എറണാകുളം: വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ബില്‍ജിത്ത് ബിജുവിൻ്റെ എട്ട് അവയവങ്ങള്‍ ദാനം ചെയ്തു. എറണാകുളം നെടുമ്പാശ്ശേരി മള്ളുശ്ശേരി പാലമറ്റം വീട്ടില്‍ ബില്‍ജിത്ത് ബിജുവിൻ്റെ ഹൃദയം, രണ്ട് വൃക്ക, കരള്‍, ചെറുകുടല്‍, പാന്‍ക്രിയാസ്, രണ്ട് നേത്രപടലങ്ങള്‍ എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്ക കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിനും ഒരു വൃക്ക എറണാകുളം രാജഗിരി ആശുപത്രിയ്ക്കും കരളും ചെറുകുടലും പാന്‍ക്രിയാസും എറണാകുളം അമൃത ആശുപത്രിയ്ക്കും രണ്ട് നേത്രപടലങ്ങള്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിക്കുമാണ് നല്‍കിയത്.

സെപ്റ്റംബര്‍ രണ്ടിന് നെടുമ്പാശ്ശേരി കരിയാട് ദേശീയ പാതയില്‍ രാത്രി ബില്‍ജിത്ത് സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചു. ഗുരുതരമായി പരിക്കേറ്റ ബില്‍ജിത്തിനെ ഉടന്‍തന്നെ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, സെപ്റ്റംബര്‍ 12ന് ബില്‍ജിത്തിന് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന്, അദ്ദേഹത്തിൻ്റെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം നല്‍കി. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങളും ഏകോപനവും പൂര്‍ത്തിയായത്.

biljith
നാടാകെ ഒന്നിച്ചു; കൊല്ലം സ്വദേശിയായ 13 വയസുകാരിക്ക് പുതുജന്മം

ഇന്ന് രാവിലെയോടെയാണ് ബിൽജിത്തിൻ്റെ ഹൃദയം കൊല്ലം സ്വദേശിയായ 13കാരിയുടെ ജീവന് തുടിപ്പേകിയത്. കൊച്ചി ലിസി ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. തീവ്രദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കൾക്ക് നന്ദി അറിയിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com