വയനാട്: കോൺഗ്രസിനെതിരെ എൻ.എം. വിജയൻ്റെ മരുമകൾ പത്മജ വീണ്ടും രംഗത്ത്. പിതാവ് പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ബാധ്യത തങ്ങളുടെ തലയ്ക്കിടുകയാണ് കോൺഗ്രസെന്ന് പത്മജ പറഞ്ഞു. അച്ഛൻ എഴുതിയ കത്ത് വ്യാജമല്ല. ബത്തേരി അർബൻ ബാങ്കിൻ്റെ ഭാഗത്തുനിന്ന് തിരിച്ചടവ് ഭീഷണിയുണ്ട് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ജൂൺ 30ന് ഉള്ളിൽ ആധാരം എടുത്തു തരാം എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉറപ്പു നൽകിയതെന്നും പത്മജ പറഞ്ഞു.
"2007 കാലഘട്ടത്തിൽ എൻ.എം. വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല ഉപയോഗിച്ചത്. പാർട്ടി ആവശ്യങ്ങൾക്ക് വേണ്ടിയാണ്. തനിക്കെതിരെ വ്യക്തിപരമായി സൈബർ ആക്രമണം നടത്തുന്നു. കോൺഗ്രസ് നേതാക്കളാണ് സൈബർ ആക്രമണം നടത്തുന്നത്. ഡിസിസി തലത്തിലെ നേതാക്കളാണ് അധിക്ഷേപിക്കുന്നത്. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും", പത്മജ.
ഒൻപത് മാസങ്ങൾക്ക് മുമ്പാണ് ഡിസിസി ട്രഷറർ ആയിരുന്ന എൻ. എം. വിജയനും മകൻ ജിജേഷും വിഷംകഴിച്ച് മരിച്ചത്. വിജയൻ്റെ ആത്മഹത്യാക്കുറിപ്പും തെളിവുകളും പുറത്തുവന്നത് വയനാട്ടിലെ കോൺഗ്രസ് നേതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. ഐ. സി. ബാലകൃഷ്ണൻ, എൻ.ഡി. അപ്പച്ചൻ, കെ. കെ. ഗോപിനാഥൻ, പി. വി. ബാലചന്ദ്രൻ എന്നിവരുടെ പേരുകളടക്കം വിജയൻ കത്തിൽ പരാമർശിച്ചിരുന്നു.
വൻ സാമ്പത്തിക ബാധ്യത വിജയനുണ്ടായിരുന്നുവെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. രണ്ടരക്കോടി രൂപയുടെ ബാധ്യതയാണ് എൻ.എം. വിജയന് ഉണ്ടായിരുന്നുത്. വിജയൻ്റെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്ന് കെപിസിസി ഉപസമിതി കുടുംബത്തിന് ഉറപ്പു നൽകിയെങ്കിലും, കോൺഗ്രസ് നേതൃത്വം വഞ്ചിക്കുകയാണ് എന്ന് ആരോപിച്ച് പത്മജ കഴിഞ്ഞദിവസം ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
വിജയൻ്റെ കുടുംബത്തിന് പാർട്ടി ധനസഹായം നൽകുമെന്ന് ഒപ്പിട്ട കരാർ രേഖ നൽകുന്നില്ലെന്ന് പത്മജ ആരോപിച്ചിരുന്നു. അതിന് പിന്നാലെയാണ് പത്മജ ജീവനൊടുക്കാൻ ശ്രമിച്ചത്. അങ്ങനെയൊരു കരാർ തന്നെ നിലവിലില്ലെന്നാണ് കെപിസിസിയുടെ വാദം. എന്നാൽ കരാർ തയ്യാറാക്കിയിരുന്നുവെന്നും കെപിസിസി നേതൃത്വം ചോദിച്ചപ്പോൾ താൻ മേടിച്ചു നൽകിയെന്നും ടി. സിദ്ധിഖ് പറഞ്ഞിരുന്നു.
അതേസമയം, കുടുംബം ഉന്നയിച്ച ആരോപണത്തിൽ പാർട്ടിക്ക് അവരുടെ ആവശ്യങ്ങൾ മുഴുവൻ നിർവഹിക്കാനാവില്ലെന്നാണ് കെപിസിസിയുടെ നിലപാട്. കുടുംബവുമായി ഉണ്ടാക്കിയ കരാർ തെറ്റാണെന്നും അങ്ങനെയൊരു കരാർ നിലവിലില്ലെന്നുമാണ് സണ്ണി ജോസഫ് പറഞ്ഞത്. എന്നാൽ സെറ്റിൽമെൻ്റ് ഉണ്ടാക്കിയത് പാലിക്കാൻ വേണ്ടിയാണ് എന്നും അല്ലാതെ ചതിക്കാനല്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്മജയോട് പറയുന്ന നിർണായക ശബ്ദരേഖ ന്യൂസ് മലയാളം പുറത്തുവിട്ടിരുന്നു. ഇപ്പോൾ നേതാക്കൾ സ്വീകരിക്കുന്ന നിലപാടിനോട് ഒരു യോജിപ്പുമില്ലെന്നും തിരുവഞ്ചൂർ പറയുന്നുണ്ട്.