

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പുതിയ ബലാത്സംഗ പരാതി പുറത്തു വന്നതോടെ രാഹുലിനെതിരെ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. രാഹുൽ തെറ്റ് നിരന്തരം ആവർത്തിക്കുന്നയാളാണെന്ന് ആരോപിച്ച ബിനോയ് വിശ്വം രാഹുൽ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു.
'മനുഷ്യ ബന്ധങ്ങൾക്ക് ഒരു പാവനമായ തലമുണ്ട്. ആൺ-പെൺ ബന്ധങ്ങളിലും അത് വേണം. പ്രത്യേകിച്ചും പ്രേമം, സ്നേഹം, പ്രണയം എന്നൊക്കെ പറഞ്ഞാൽ അതിനൊരു മാന്യതയുണ്ട്. സ്ത്രീയെ അവളുടെ സമ്മതം കൂടാതെ കേവലം ഉപഭോഗ വസ്തുവായി ആര് കണ്ടാലും തെറ്റാണ്, അന്യായമാണ്. അത് ഉണ്ടാകാൻ പാടില്ലാത്തതാണ്. രാഹുൽ ആ തെറ്റ് നിരന്തരം ആവർത്തിക്കുന്ന ഒരാളാണ്. അയാൾ അതൊരു നേട്ടമായി കൊണ്ടാടുകയാണ്'. ബിനോയ് വിശ്വം പറഞ്ഞു.
കോൺഗ്രസ് അതിൻ്റെ മുഖമായി ചൂണ്ടിക്കാണിക്കുന്ന ഒരു യുവ നേതാവാണ് രാഹുൽ. രാഹുലിനെ ചെറുപ്പക്കാരായ കോൺഗ്രസുകാർ വാഴ്ത്തുകയാണ്. കോൺഗ്രസ് ചെന്ന് പതിച്ചിരിക്കുന്ന അപചയത്തിൻ്റെയും ധാർമിക തകർച്ചയുടെയും പ്രതീകമാണ് രാഹുലിനെ പിന്തുണയ്ക്കുന്ന നേതാക്കന്മാരെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. കോൺഗ്രസ് ഗാന്ധിയെയും നെഹ്‌റുവിനെയും മറന്നു. കോൺഗ്രസ് മാറിപ്പോയതിൽ അത്ഭുതമില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
രാഹുലിനെതിരെ പുറത്തു വന്ന പുതിയ പരാതിയിൽ അതിരൂക്ഷമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി രാഹുൽ അതിക്രൂരമായി പീഡിപ്പിച്ചതായും ശാരീരിക, മാനസിക പീഡനങ്ങൾക്ക് വിധേയയാക്കിയതായും 23കാരിയായ പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കാണ് പെൺകുട്ടി പരാതി അയച്ചത്. പരാതി പിന്നീട് കെപിസിസി ഡിജിപിക്ക് കൈമാറി.