ആലപ്പുഴ: സിപിഐ ആലപ്പുഴ ജില്ലാ കൗൺസിലിൽ ബിനോയ് വിശ്വത്തിന് രൂക്ഷ വിമർശനം. ബിനോയ് വിശ്വം ദുർബലനായ സെക്രട്ടറി ആണെന്നും കാര്യങ്ങൾ വേണ്ട സമയത്ത് കൃത്യമായി പറയുന്നില്ലെന്നുമാണ് വിമർശനം. എൽഡിഎഫ് സർക്കാരിനെയും അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു.
മുൻ സെക്രട്ടറിമാരെ അപേക്ഷിച്ച് ബിനോയ് വിശ്വത്തിന്റെ നിലപാടുകൾക്ക് ശക്തിയില്ല. ആശ സമരത്തിൽ നിലപാട് പറഞ്ഞത് തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമാണെന്നും ആദ്യമേ പറയേണ്ട നിലപാട് വൈകിയത് പാർട്ടിയെ പരിഹാസ്യമാക്കിയെന്നും ജില്ലാ കൗൺസിലിൽ വിമർശനമുയർന്നു.
എൽഡിഎഫ് സർക്കാരിനെയും അംഗങ്ങൾ രൂക്ഷമായി വിമർശിച്ചു. രണ്ടാം പിണറായി സർക്കാറിന് ഇടതുപക്ഷ സ്വഭാവം ഉണ്ടായിരുന്നില്ലെന്നും പലപ്പോഴും പ്രകടമായത് ഏകാധിപത്യ പ്രവണത ആണെന്നും അംഗങ്ങൾ ആഞ്ഞടിച്ചു. പരമ്പരാഗത തൊഴിൽ മേഖലകളെ അവഗണിച്ചു. കയർ, കശുവണ്ടി അടക്കം പരമ്പരാഗത മേഖലകൾക്ക് വേണ്ടി ഒന്നും ചെയ്തില്ല.
നിർമാണ മേഖലയിലെ ക്ഷേമ പെൻഷൻ 18 മാസം മുടങ്ങി. പാർട്ടിയിലെ യുവാക്കളുടെ സാന്നിധ്യം ഇല്ലാതെയായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മത്സരിച്ച ഹരിപ്പാട്ട് കൊടി പിടിക്കാൻ സംഘടനയുടെ യുവാക്കൾ ഇല്ലായിരുന്നു. കോൺഗ്രസിനും ബിജെപിക്കും ധാരാളം യുവാക്കളുണ്ടെന്നും സംഘടനാപരമായി വീഴ്ചകളുണ്ടായെന്നും ജില്ലയിൽ സംഘടന ദൗർബല്യമാണ് ജില്ലാ കൗൺസിലിൽ വിമർശനം.