
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി വീണ്ടും ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്ത് ആലപ്പുഴയില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം. സമ്മേളനത്തിൽ ഏകകണ്ഠമായാണ് തീരുമാനമായത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്ന് 2023 ഡിസംബർ 10നാണ് രാജ്യസഭാംഗമായിരിക്കെ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. നിലവിൽ സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ് ബിനോയ് വിശ്വം.
സിപിഐ സംസ്ഥാന കൗൺസിലിലേക്കുള്ള പാനൽ അവതരിപ്പിച്ചു. 103 അംഗ സംസ്ഥാന കൗൺസിൽ, 10 ക്യാൻഡിഡേറ്റ് അംഗങ്ങൾ, 100 പേർ പാർട്ടി കോൺഗ്രസ് പ്രതിനിധികൾ എന്നിവരടങ്ങിയ പാനലാണ് അവതരിപ്പിച്ചത്.
ഇ. ചന്ദ്രശേഖരൻ, കെ.ആർ. ചന്ദ്രമോഹൻ, സി.എൻ. ജയദേവൻ, വി. ചാമുണ്ണി എന്നിവരെ സിപിഐ സംസ്ഥാന കൗൺസിലിൽ നിന്ന് ഒഴിവാക്കി. പ്രായപരിധി കടന്നതിനാലാണ് സംസ്ഥാന കൗൺസിൽ നിന്ന് ഒഴിവാക്കിയത്. സിപിഐ സംസ്ഥാന അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്നു ഇ. ചന്ദ്രശേഖരൻ.