തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതികൾക്ക് പിന്നാലെ നേരിട്ട വെല്ലുവിളികൾ വെളിപ്പെടുത്തി അതിജീവിത. കൈകാലുകൾ ബന്ധിച്ച നിലയിലാണ് ഇപ്പോഴുള്ള ജീവിതമെന്നും പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ തന്നെ ഒറ്റപ്പെടുത്തിയെന്നും അതിജീവിത തുറന്ന് പറഞ്ഞു. ക്രൂരതകൾ വെളിപ്പെടുത്തിയതിൻ്റെ പേരിൽ കന്യാസ്ത്രീകളെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചു. പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം വരെ തനിക്കെതിരെ നടത്തി. പൊതുമധ്യത്തിൽ മുഖം മറയ്ക്കാതെ വരാൻ ധൈര്യം പകർന്നത് മുഖ്യമന്ത്രിയുടെ ചടങ്ങിൽ കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടി പങ്കെടുത്തതോടെയാണെന്നും അതിജീവിത പറഞ്ഞു.
"കഴിഞ്ഞ എട്ട് വർഷക്കാലമായി യാതനകൾ അനുഭവിക്കുന്നു. ഒറ്റപ്പെടുത്തലും കല്ലേറും കാരണം മൂന്ന് കന്യാസ്ത്രീകൾ സഭ വിട്ട് പോയി. മഠത്തിൽ തയ്യൽ ജോലി ചെയ്താണ് ബാക്കിയുള്ള ഞങ്ങൾ മൂന്ന് പേർ കഴിയുന്നത്. സഭാ നേതൃത്വത്തിന്റെ നിശബ്ദതയാണ് തെരുവിലേക്ക് എത്തിച്ചത്. പീഡന പരാതി സഭയ്ക്കകത്ത് പറഞ്ഞതോടെ ഒറ്റപ്പെടുത്തി. കുടുംബത്തെയും കന്യാസ്ത്രീകളെയും ബിഷപ് ഫ്രാങ്കോ കള്ളക്കേസിൽ കുടുക്കാൻ നോക്കി. ബിഷപ് ഫ്രാങ്കോയ്ക്ക് സഹായം ചെയ്യുന്ന കന്യാസ്ത്രീകൾ മഠത്തിൽ ഉണ്ടായിരുന്നു. പണം കിട്ടാത്തത് കൊണ്ടാണ് പരാതി എന്ന വ്യാജ പ്രചാരണം നടന്നു. രൂപതയിൽ നിന്നോ ഫ്രാങ്കോയിൽ നിന്നോ ഒരു രൂപ കൈപറ്റിയിട്ടില്ല", അതിജീവിത.
പതിമൂന്ന് തവണ പീഡിപ്പിച്ചിട്ടും മിണ്ടാതിരുന്നോ എന്ന ചോദ്യം ഉയർന്നിരുന്നു. ഭയംകൊണ്ടാണ് മിണ്ടാതിരുന്നത്. ഒരു കന്യാസ്ത്രീ എറ്റവും പ്രധാനമായി കാണുന്നത് ചാരിത്ര്യ ശുദ്ധിയാണ്. അത് നഷ്ടപ്പെട്ടു എന്ന് പൊതുസമൂഹത്തിന് മുന്നിൽ വന്നാൽ അന്ന് താൻ സഭയിൽ നിന്ന് ഇറക്കപ്പെടുമെന്നും അതിജീവിത പറഞ്ഞു. സഭ വിട്ട് പോയ പലരുടെയും അനുഭവം നേരിട്ട് അറിയാം. 'മഠം ചാടി' എന്ന പേരിലാണ് പിന്നീട് താൻ അറിയപ്പെടുക. തനിക്കും കുടുംബത്തിനും അത് എല്ലാകാലത്തേക്കും നാണക്കേടാണ്. ആ ഭയം കൊണ്ടാണ് ആദ്യം ഇത് പുറത്ത് പറയാതെ ജീവിച്ചത്. എല്ലാം ഉള്ളിലൊതുക്കി മഠത്തിൽ കഴിയേണ്ട സാഹചര്യമായിരുന്നു. പല മഠത്തിലും വേറെ ചിലർക്കും സമാനമായ അനുഭങ്ങളുണ്ട് എന്നും അതിജീവിത പറഞ്ഞു.