തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി.എസ്. ശിവകുമാറിനെ പാളയത്തിൽ എത്തിക്കാൻ നീക്കവുമായി ബിജെപി. ശിവകുമാറുമായി ബിജെപി നേതൃത്വം ചർച്ച നടത്തി. തിരുവനന്തപുരം സെൻട്രൽ സീറ്റ് ശിവകുമാറിന് വാഗ്ദാനം ചെയ്താണ് ബിജെപിയുടെ നീക്കം. സെൻട്രൽ സീറ്റ് വേണമെന്ന് ശിവകുമാർ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, നേതൃത്വം അത് നിഷേധിക്കുകയാണ് ഉണ്ടായത്. ഇതിൽ ശിവകുമാർ അതൃപ്തനാണ് എന്ന് മനസിലാക്കിയതോടെയാണ് ബിജെപി നീക്കം നടത്തിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ചില്ലെങ്കിൽ ശിവകുമാർ പാർട്ടിവിടുമെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. എന്നാൽ വാർത്ത നിഷേധിച്ച് കൊണ്ട് ശിവകുമാർ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം സെൻട്രൽ സീറ്റിനെ ചൊല്ലി യുഡിഎഫിൽ തർക്കം തുടരുന്നതിന് ഇടയിലാണ് ശിവകുമാറിനെ ബിജെപി സമീപിച്ചു എന്ന വാർത്ത പുറത്തുവരുന്നത്.