"തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ അധികാരം പിടിക്കുന്ന പാർട്ടിയായി ബിജെപി അധപ്പതിച്ചു"; തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് തോമസ് ഐസക്

ഇലക്ഷൻ കമ്മീഷൻ എത്ര പരിഹാസ്യമായ നിലയിലേക്കാണ് അധഃപതിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
Dr. T M Thomas Isaac
തോമസ് ഐസക്Source: facebook/ Dr.T.M Thomas Isaac
Published on

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആദ്യ ലക്ഷ്യം വോട്ടേഴ്‌സ് ലിസ്റ്റിൽ വ്യാജ വോട്ടർമാരെ വ്യാപകമായി ചേർക്കുകയാണെങ്കിൽ, രണ്ടാമത്തെ ലക്ഷ്യം നിലവിലുള്ള ഇഷ്ടമില്ലാത്തവരെയെല്ലാം പുറത്താക്കുകയാണെന്ന് മുതിർന്ന സിപിഐഎം നേതാവ് ടി.എം. തോമസ് ഐസക്. ഇലക്ഷൻ കമ്മീഷൻ എത്ര പരിഹാസ്യമായ നിലയിലേക്കാണ് അധഃപതിച്ചിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.

രണ്ട് ഡസൺ സീറ്റ് കൂടി ഇൻഡ്യ സഖ്യം ജയിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാവുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളുടെ വിധികളും അവിശ്വസനീയമായ വിധത്തിലുള്ള അട്ടിമറി വിജയങ്ങളാണ് ബിജെപിക്ക് ഉണ്ടായത്. ഇന്ന് അവയ്‌ക്കെല്ലാം കൃത്യമായ വിശദീകരണം ലഭിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കി തെരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ അധികാരം പിടിക്കുന്ന പാർട്ടിയായി ബിജെപി അധപ്പതിച്ചിരിക്കുന്നു എന്നും തോമസ് ഐസക് വിമർശിച്ചു.

തോമസ് ഐസക്കിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിന് സ്ഥലത്ത് താമസക്കാരൻ ആണെന്ന് തെളിയിക്കുന്നതിന് വിലാസത്തോടുകൂടിയ ഒരു പോസ്റ്റൽ കത്ത് ഹാജരാക്കിയാൽ മതിയാവുമായിരുന്നു. ഇപ്പോൾ ബിഹാറിൽ വോട്ടേഴ്‌സ് ലിസ്റ്റ് തയ്യാറാക്കുന്നതിന് ആധാറോ, ലൈസൻസോ, റേഷൻകാർഡോ, തൊഴിലുറപ്പ് കാർഡോ ഒന്നും സ്വീകാര്യമല്ല. ജില്ലാ മജിസ്‌ട്രേറ്റിന്റെ സ്ഥിര താമസ സർട്ടിഫിക്കറ്റോ, ഭൂമി അല്ലെങ്കിൽ വീട് പതിവ് രേഖയോ, പാസ്സ്പോർട്ടോ, സർക്കാർ തയ്യാറാക്കിയ കുടുംബ രജിസ്റ്ററോ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഐഡന്റിറ്റി കാർഡോ വേണം.

ആദ്യത്തതിന്റെ ലക്‌ഷ്യം വോട്ടേഴ്‌സ് ലിസ്റ്റിൽ വ്യാജ വോട്ടർമാരെ വ്യാപകമായി ചേർക്കുക എന്നതാണെങ്കിൽ രണ്ടാമത്തേതിന്റെ ലക്ഷ്യം നിലവിലുള്ള വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമില്ലാത്തവരെയെല്ലാം പുറത്താക്കുകയാണ്. രണ്ടിന്റെയും സൂത്രധാരൻ ഇലക്ഷൻ കമ്മീഷൻ തന്നെ. സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും പ്രചാരം സിദ്ധിച്ച ഒരു ട്രോൾ ഇതായിരുന്നു. “തങ്ങൾ എൻഡിഎയിൽ ചേർന്നു എന്ന കിംവദന്തികളെ ഇലക്ഷൻ കമ്മീഷൻ ശക്തമായി നിഷേധിച്ചു. തങ്ങൾ പുറത്തുനിന്ന് സർക്കാരിനെ പിന്തുണക്കുന്നതെ ഉള്ളു എന്ന് വ്യക്താവ് വ്യക്തമാക്കി.” എത്ര പരിഹാസ്യമായ നിലയിലേക്ക് ഇലക്ഷൻ കമ്മീഷൻ അധഃപതിച്ചിരിക്കുന്നു!

Dr. T M Thomas Isaac
പാംപ്ലാനി അവസരവാദിയെന്ന പരാമർശം; എം. വി. ഗോവിന്ദനെതിരെ തലശ്ശേരി അതിരൂപത

ഏതാണ്ട് ഒരുകോടി വോട്ടർമാരെ ആണ് സ്പെഷ്യൽ ഇന്റെൻസീവ് റിവിഷൻ (എസ്ഐആർ) നടപടിയിലൂടെ വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പുറത്താക്കിയിട്ടുള്ളത്. ആരൊക്കെയാണ് നിലവിലുള്ള വോട്ടേഴ്‌സ് ലിസ്റ്റിൽ നിന്ന് പുറത്തുപോയത്? അത് വെളിപ്പെടുത്തുവാനുള്ള നിയമപരമായ ബാധ്യത തങ്ങൾക്കില്ല എന്നാണ് ഇലക്ഷൻ കമ്മീഷൻ സുപ്രീം കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഇലക്ഷൻ കമ്മീഷൻ പറഞ്ഞില്ലെങ്കിലും പഴയതും പുതിയതും ആയ വോട്ടേഴ്‌സ് ലിസ്റ്റുകൾ താരതമ്യപ്പെടുത്തി അവയൊന്നു കണ്ടുപിടിക്കാൻ ശ്രമിച്ചാലോ? ഇനി നടപ്പില്ല, കാരണം പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പത്ര സമ്മേളനത്തിന് ശേഷം ഡിജിറ്റൽ വോട്ടേഴ്‌സ് ലിസ്റ്റ് മാറ്റി സ്കാൻ ചെയ്ത ഹാർഡ് കോപ്പി പിഡിഎഫ് രൂപത്തിൽ വെബ്സൈറ്റിൽ സ്ഥാപിച്ചിരിക്കുകയാണ്. ഇനി കമ്പ്യൂട്ടറിൽ സെർച്ച് ചെയ്തു എളുപ്പത്തിൽ യാഥാർഥ്യം മനസിലാക്കാൻ കഴിയില്ല. രാഹുൽ ഗാന്ധി ചെയ്തത് പോലെ പ്രിന്റൗട്ട് എടുത്ത് രണ്ടു വോട്ടേഴ്‌സ് ലിസ്റ്റും തമ്മിൽ താരതമ്യപ്പെടുത്തി മാനുവൽ ആയി ചെയ്യണം.

നാൽപ്പത് പേർ മാസങ്ങൾ പണിയെടുത്താണ് കർണാടകത്തിലെ ഒരു നിയോജക മണ്ഡലത്തിലെ വോട്ട് കൊള്ളയുടെ തെളിവുകൾ ശേഖരിച്ചതെന്നാണ് റിപ്പോർട്ട്. ബാഗ്ലൂർ സെൻട്രൽ ലോകസഭാ മണ്ഡലത്തിൽ മഹാദേവപുരം അസംബ്ലി മണ്ഡലം ഒഴികെയുള്ള മണ്ഡലങ്ങളിൽ മൊത്തത്തിൽ കോൺഗ്രെസ്സിനായിരുന്നു ഭൂരിപക്ഷം. എന്നാൽ മഹാദേവപുരത്ത് ലഭിച്ച ലീഡുകൊണ്ട് ബിജെപി ജയിച്ചു. ഈ മണ്ഡലത്തിലെ വോട്ടേഴ്‌സ് ലിസ്റ്റ് പരിശോധിച്ചപ്പോൾ 1,00,250 വോട്ടുകൾ കള്ളവോട്ടുകൾ ആണെന്ന് തെളിഞ്ഞു.

മരിച്ചു പോയവരുടെ വോട്ടുകളും, നാടുവിട്ടു പോയവരുടെ പേരുകളും എല്ലാം വോട്ടേഴ്‌സ് ലിസ്റ്റിൽ കാണുക സാധാരണയാണ്. പക്ഷെ ഒരാൾക്ക് പല ബൂത്തുകളിൽ വോട്ടുകൾ, കള്ള അഡ്രസ്സിൽ ചേർത്തിരിക്കുന്ന വോട്ടുകൾ, വയോജനങ്ങൾ കന്നി വോട്ടർമാരായി രംഗപ്രവേശനം ചെയ്യുന്നത് എന്നുതുടങ്ങിയ ഇനങ്ങളിലായി ഒരുലക്ഷത്തിൽപരം വോട്ടുകൾ ഇലക്ഷൻ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന ഇല്ലാതെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തുക അസാധ്യമാണ്. ജനാധിപത്യത്തിന്റെ അട്ടിമറിയാണ് 2024 ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പലമണ്ഡലങ്ങളിലും നടത്തിയത്.

പ്രതിപക്ഷ നേതാവ് ഇത്ര ഗൗരവമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ കൊഞ്ഞനം കുത്തുന്ന ഇലക്ഷൻ കമ്മീഷനാണ് ഇന്ത്യയിൽ ഇന്നുള്ളത്. തെളിവുകൾ ഹാജരാക്കാനാണ് ആവശ്യപ്പെടുന്നത്. ഒരു വോട്ടറുടെ പേര് വോട്ടർപട്ടികയിൽ പലവട്ടം വന്നു. അദ്ദേഹം പലതവണ വോട്ട് ചെയ്തു എന്നതിന്റെ തെളിവ് പ്രതിപക്ഷ നേതാവ് ഹാജരാക്കണമത്രേ. ഹാജരാക്കാൻ കഴിയുന്ന ഏക തെളിവ് സിസിടിവി ദൃശ്യങ്ങളാണ്. വിചിത്രമായ ഒരു ഉത്തരവിലൂടെ ഈ സിസിടിവി ദൃശ്യങ്ങൾ ഇലക്ഷൻ കമ്മീഷൻ നശിപ്പിക്കുകയും ചെയ്തു. ഏറ്റവും ഉയർന്ന തലത്തിൽ അറിഞ്ഞുകൊണ്ടുള്ള ഒരു ഇലക്ഷൻ തട്ടിപ്പാണ് ഇന്ത്യയിൽ 2024 ൽ അരങ്ങേറിയത് എന്നത് വ്യക്തം.

രണ്ട് ഡസൺ സീറ്റുകൂടി ഇന്ത്യ സഖ്യം ജയിച്ചിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് ഫലം മറ്റൊന്നാവുമായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു നടന്ന മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളുടെ വിധികളും അവിശ്വസനീയമായ വിധത്തിലുള്ള അട്ടിമറി വിജയങ്ങളാണ് ബിജെപിക്ക് ഉണ്ടായത്. ഇന്ന് അവയ്‌ക്കെല്ലാം കൃത്യമായ വിശദീകരണം ലഭിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയിലാക്കി തിരഞ്ഞെടുപ്പ് കൃത്രിമങ്ങളിലൂടെ അധികാരം പിടിക്കുന്ന പാർട്ടിയായി ബിജെപി അധപ്പതിച്ചിരിക്കുന്നു.

കേരളത്തിൽ ബിജെപിയുടെ ഏക വിജയം തൃശൂരാണ്. 2019നെ അപേക്ഷിച്ചു 2024ൽ സംസ്ഥാനം മൊത്തത്തിൽ എടുത്താൽ ശരാശരി 79,881 വോട്ടുകളാണ് ഓരോ മണ്ഡലത്തിലും വർധിച്ചത്. അതേസമയം, തൃശൂരിൽ വോട്ടർമാരുടെ എണ്ണം 1,45,945 വർദ്ധിച്ചു. വർദ്ധിച്ച വോട്ടർമാരിൽ എത്രപേർ ബിജെപിയുടെ കള്ളവോട്ടർമാർ ആയിരുന്നു?

Dr. T M Thomas Isaac
വോട്ട് ചേർത്തത് വ്യാജ മേൽ വിലാസത്തിൽ; തൃശൂർ ലോക്സഭാ തെരഞ്ഞെടുപ്പിലും വ്യാപക ക്രമക്കേട് ? ന്യൂസ് മലയാളം അന്വേഷണം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com