തിരുവനന്തപുരം: വിഭാഗീയത ആരോപണം ഒഴിവാക്കാൻ ജംബോ കോർ കമ്മിറ്റി രൂപീകരിച്ച് സംസ്ഥാന ബിജെപി. 21 പേരടങ്ങിയ കോർ കമ്മിറ്റിയാണ് രൂപികരിച്ചത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയാണ് 21 പേരടങ്ങുന്ന കോർ കമ്മിറ്റി പട്ടിക അംഗീകരിച്ചത്. നിലവിലെ സംസ്ഥാന നേതൃത്വത്തിൻ്റെ ഭാഗമായി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ജനറൽ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, ആനൂപ് ആൻ്റണി എന്നിവരാണ് കോർ കമ്മിറ്റിയിൽ ഉൾപ്പെട്ടത്.
മുൻ അധ്യക്ഷന്‍മാരായ കെ. സുരേന്ദ്രൻ, വി. മുരളീധരൻ, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ എന്നിവരും കോർ കമ്മിറ്റിയിലുണ്ട്. കൂടാതെ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, രാജ്യസഭാംഗം സി. സദാനന്ദൻ, ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ സെക്രട്ടറി അനിൽ കെ. ആൻ്റണി, വൈസ് പ്രസിഡൻ്റുമാരായ പി. സുധീർ, കെ.കെ. അനീഷ് കുമാർ, ഷോൺ ജോർജ്, സി. കൃഷ്ണകുമാർ, ബി. ഗോപാലകൃഷ്ണൻ, കെ. സോമൻ, വി. ഉണ്ണികൃഷ്ണൻ എന്നിവരും കോർ കമ്മിറ്റിയിലുണ്ട്.
സംസ്ഥാന അധ്യക്ഷൻ, മുൻ അധ്യക്ഷന്മാർ, ജനറൽ സെക്രട്ടറിമാർ എന്നിവരാണ് സാധാരണ കോർ കമ്മിറ്റിയിൽ അംഗമാവുക. കഴിഞ്ഞ തവണ വൈസ് പ്രസിഡൻ്റുമാരായ ശോഭാ സുരേന്ദ്രനെയും എ.എൻ. രാധാകൃഷ്ണനെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായാണ് ഇത്രയധികം പേർ കോർ കമ്മിറ്റിയിൽ ഉൾപ്പെടുന്നത്.