
തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്ത്. ബിജെപി ജില്ലാ നേതാവിൻ്റെ മേൽവിലാസം മറയാക്കി സംസ്ഥാന വൈസ് പ്രസിഡൻ്റും ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു . മലപ്പുറം സ്വദേശിയായ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണനാണ് വ്യാജ മേൽവിലാസം ഉപയോഗിച്ച് വോട്ട് ചെയ്തത്.
എന്നാൽ തൃശൂരിൽ മാത്രമാണ് വോട്ട് ചെയ്തതെന്നും മലപ്പുറത്ത് വോട്ട് ചെയ്തിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണന്റെ വിശദീകരണം. ജില്ലയുടെ ചുമതലയുണ്ടായിരുന്നതിനാലാണ് വോട്ട് ചെയ്തത്. ഒന്നരവർഷം തൃശൂരിൽ താമസിച്ചിരുന്നതായും ബിഎൽഒ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് താൻ വോട്ട് ചെയ്തതെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
തൃശൂർ പാർലമെൻറ് മണ്ഡലത്തിലെ ബൂത്ത് ലെവൽ ഓഫീസർമാരുടെ പിഴവുകൾ വ്യക്തമാക്കുന്ന വിവരവും പുറത്തുവന്നു. മലപ്പുറം ജില്ലക്കാരനായ ബിജെപി നേതാവ് വി. ഉണ്ണികൃഷ്ണൻ തൃശൂരിൽ വോട്ട് ചേർത്തത് തൻ്ററെ പരിശോധനയ്ക്ക് ശേഷമെന്ന് ബിഎൽഒ പറഞ്ഞു. ക്രമക്കേടുകൾ മറച്ചു പിടിക്കാൻ ബൂത്ത് ലെവൽ ഓഫീസർ ശ്രമിക്കുന്നതിൻ്റെ തെളിവുകളും ന്യൂസ് മലയാളത്തിന് ലഭിച്ചു. വോട്ട് ചേർത്തതിൽ പിഴവ് സംഭവിച്ചോ എന്ന ചോദ്യത്തിന് ഓർമയില്ലെന്നായിരുന്നു ബൂത്ത് ലെവൽ ഓഫീസറുടെ മറുപടി.