പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറാനുള്ള സർക്കാരിൻ്റെ തീരുമാനം ആത്മഹത്യാപരമെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. മതമൗലികവാദികൾക്ക് സർക്കാർ കീഴടങ്ങി. കുട്ടികളുടെ ഭാവിയോട് കാണിച്ച കൊടുംപാതകമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. സിപിഐയുടെ പ്രതിഷേധം കൊണ്ടല്ല പദ്ധതിയിൽ നിന്നുള്ള സർക്കാരിൻ്റെ പിന്മാറ്റം. വോട്ട് ബാങ്ക് മുന്നിൽ കണ്ട് തീവ്രവാദികൾക്ക് മുന്നിൽ പിണറായി സർക്കാർ മുട്ടുമടക്കിയതാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
പിഎം ശ്രീയിൽ നിന്നുള്ള പിന്മാറ്റം സിപിഐയെ ഒപ്പം നിർത്താനെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വർപ്രസാദ് പറഞ്ഞു. എൻഇപി പഠിച്ചു, കുഴപ്പമില്ല എന്നുപറഞ്ഞ വിദ്യാഭ്യാസ മന്ത്രി എങ്ങനെയാണ് പിന്നോട്ട് പോകുന്നത്. സിപിഐയെ സംരക്ഷിക്കാൻ വേണ്ടിയാണ് പിന്മാറ്റം. സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നാണ് എബിവിപി കരുതുന്നത്. പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയാൽ എബിവിപി സമരവുമായി മുന്നോട്ട് പോകുമെന്നും ഈശ്വർപ്രസാദ് പറഞ്ഞു. സംസ്ഥാന സർക്കാരിന് കത്തയക്കാൻ മാത്രമാണ് കഴിയുക, പദ്ധതി റദ്ദാക്കണമെങ്കിൽ കേന്ദത്തിന് മാത്രമേ സാധിക്കൂവെന്നും ഈശ്വർപ്രസാദ് പറഞ്ഞു.