തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും, അയ്യപ്പൻമാരെ ദ്രോഹിച്ച പിണറായിയും പങ്കെടുക്കരുതെന്നാണ് താൻ പറഞ്ഞത്. അയ്യപ്പ സംഗമത്തെ രാഷ്ട്രീയമായി കാണരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആരെയാണ് മണ്ടനാക്കാൻ ശ്രമിക്കുന്നത്, സ്റ്റാലിനെ ക്ഷണിച്ചത് ആരാണ് എന്നും എന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
18 തവണ ശബരി മല കയറിയ തനിക്കാണോ, നാസ്തികനായ മുഖ്യമന്ത്രിക്കാണോ വിശ്വാസ കാര്യത്തിൽ അറിവുള്ളത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തെരഞ്ഞെടുപ്പിന് മുമ്പ് സംഗമം നടത്തുന്നത്. ഹിന്ദു വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്ന് തുറന്നു പറയണമെന്നും രാജീവ് ചന്ദ്രശേഖർ അവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ പോലൊരു വിദ്വാനാകാൻ ആഗ്രഹമില്ല. തനിക്ക് സാമാന്യ ബുദ്ധിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയ്യപ്പ സംഗമം സർക്കാരിൻ്റെ കപട മുഖം വെളിവാക്കുന്നത് എന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ പറഞ്ഞു. അയ്യപ്പനെന്ന വികാരം ഉയർത്തി വോട്ട് നേടി അധികാരത്തിലെത്താനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അത് സർക്കാർ പരിപാടി അല്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംഗമത്തിന് കേരളത്തിന് പുറത്തുള്ളവർക്കും താൽപര്യമുണ്ട്. പരിപാടി നടത്തുന്നതിനെ ചിലർ എതിർക്കുന്നുണ്ട്. രാജീവ് ചന്ദ്രശേഖറിന് ഇവിടുത്തെ കാര്യങ്ങൾ അറിയാത്തത് കൊണ്ടാണ് അങ്ങനെയൊക്കെ പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. അത്തരത്തിലുള്ള വിരട്ടലൊന്നും കൊണ്ട് ഇങ്ങോട്ട് പുറപ്പെടേണ്ടെന്നും, അങ്ങനെ വന്നുവെന്ന് കരുതി പരിപാടി നടക്കാതിരിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.