സിലബസിലില്ലാത്ത പാഠഭാഗങ്ങൾ, അച്ചടിയിലും പിഴവ്; വൈകിയെത്തിയിട്ടും പഠിക്കാനാകാത്ത സ്ഥിതിയിൽ കാഴ്ച്ചാ പരിമിതരുടെ പാഠപുസ്കങ്ങൾ
കോഴിക്കോട്: കാഴ്ച്ചാ പരിമിതിയുള്ള വിദ്യാർഥികൾക്കായുള്ള ബ്രയിലി പുസ്തക വിതരണത്തിൽ ഗുരുതര വീഴ്ച. ക്രിസ്മസ് പരീക്ഷ അവസാനിക്കാറായപ്പോൾ എത്തിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സിലബസിലില്ലാത്ത പാഠഭാഗങ്ങളെന്നാണ് പരാതി. പുസ്തകങ്ങൾ തയ്യാറാക്കിയതിലും അച്ചടിയിലും ഗുരുതര അനാസ്ഥയുണ്ടായെന്നാണ് ആക്ഷേപം . പുസ്തകങ്ങൾ തയ്യാറാക്കുന്നതിലെ ജാഗ്രതക്കുറവും കെടുകാര്യസ്ഥതയുമാണ് പിഴവിന് കാരണമെന്ന് രക്ഷിതാക്കൾ പറയുന്നു.
ക്രിസ്മസ് പരീക്ഷ അവസാനിക്കാറായപ്പോഴാണ് സംസ്ഥാനത്ത് കാഴ്ച്ചാ പരിമിതരായ വിദ്യാർഥികൾക്കായി തയ്യാറാക്കിയ ബ്രയിലി ലിപിയിലുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്തത്. അതില്‍ തന്നെ ഇംഗ്ലീഷ്, ഹിസ്റ്ററി പാഠപുസ്കങ്ങളിൽ സിലബസിലില്ലാത്ത പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയത് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി. പ്ലസ് വൺ ക്ലാസിലെ പാഠപുസ്കകങ്ങളിലാണ് സിലബസിലില്ലാത്ത പാഠഭാഗങ്ങൾ ഉള്‍പ്പെടുത്തിയത്.
എന്ത് ചെയ്യണമെന്നും ആരോട് പരാതി പറയണമെന്നും അറിയില്ലെന്നും രക്ഷിതാക്കൾ പറയുന്നു. പഠിക്കാൻ ഇനി എന്ത് ചെയ്യുമെന്ന ആശങ്കയിലാണ് വിദ്യാർഥികൾ. മറ്റ് സ്കൂളുകള്‍ക്കൊപ്പം ഒപ്പം, ബ്രയിലി പുസ്തകങ്ങളുടെ വിതരണം പൂർത്തിയാക്കാത്തതില്‍ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു . എന്നാൽ സാങ്കേതിക കാരണങ്ങളാണ് പിഴവ് പറ്റാൻ കാരണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.
