ഒരു മാസത്തിലധികമായി തിരുവനന്തപുരം വിമാനത്താവളത്തിൽ തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയ്ക്ക് ഒടുവിൽ മടക്കം. യന്ത്ര തകരാർ പരിഹരിച്ച വിമാനം ഹാങ്ങറിൽ നിന്നും ഡൊമസ്റ്റിക് ബേ നമ്പർ 4 ലേയ്ക്ക് മാറ്റി. പരീക്ഷണ പറക്കലിനു ശേഷം കേന്ദ്ര ആഭ്യന്തര-പ്രതിരോധ മന്ത്രാലയങ്ങളുടെ ക്ലിയറൻസ് പൂർത്തിയാക്കി വിമാനം നാളെ ബ്രിട്ടനിലേയ്ക്ക് മടങ്ങും.
സൈനിക അഭ്യാസത്തിന് എത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽ നിന്ന് പറന്നുയർന്ന എഫ് 35 വിമാനം ജൂൺ 14നാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തിയത്. യന്ത്രത്തകരാർ വില്ലനായപ്പോൾ ബ്രിട്ടൻ്റെ അത്യാധുനിക സാങ്കേതിക യുദ്ധ വിമാനം മഴയും വെയിലുമേറ്റ് ഒരുമാസമാണ് തിരുവനന്തപുരത്ത് കിടന്നത്.
ഒടുവിൽ ബ്രിട്ടൻ വ്യോമസേനയുടെ എയർ ബസ് 400 ൽ എത്തിയ 24 അംഗ വിദഗ്ദ സംഘമാണ് എഫ് 35 ബിയെ അറ്റകുറ്റപ്പണികൾക്കായി എയർ ഇന്ത്യയുടെ ഹാങ്ങറിലേയ്ക്ക് മാറ്റിയത്. യന്ത്രത്തകരാർ പരിഹരിച്ച് ഇന്ന് രാവിലെ വിമാനം ഡൊമസ്റ്റിക് എയർപോർട്ടിലെ ബേ നമ്പർ 4 ലേയ്ക്ക് മാറ്റി.
വിമാനം തുടരുന്നത് വലിയ ട്രോളുകൾക്ക് വഴി വച്ചെങ്കിലും തിരുവനന്തപുരം വിമാനത്താവളത്തിന് ഇത് ലാഭം മാത്രമായിരുന്നു. 37 ദിവസത്തെ വാടകയിനത്തിൽ വിമാനത്താവളത്തിന് എട്ട് ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്. 26,261 രൂപയായിരുന്നു പ്രതിദിന ഫീസ്.