തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിൽ സി.പി. ജോൺ വയോജന വകുപ്പ് മന്ത്രിയാകും. വകുപ്പ് രൂപീകരണ നടപടികൾ പൂർത്തിയാക്കുന്നതിന് പിന്നാലെ പ്രഖ്യാപനം ഉണ്ടാകും. സി.പി. ജോൺ നിലവിൽ കേരളത്തിൻ്റെ ഗതാഗതമന്ത്രിയാണ്.
മുതിർന്ന പൗരന്മാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാർ വയോജന വകുപ്പിന് രൂപം നൽകിയത്. ജപ്പാൻ മാതൃകയിലുള്ള പരിചരണവും ചികിത്സാ സഹായങ്ങളും ലക്ഷ്യമിട്ടാണ് ഈ പുതിയ വകുപ്പ് നിലവിൽ വരുന്നത് എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയിരുന്നു. യുഡിഎഫിൻ്റെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്ന വയോജന ക്ഷേമവകുപ്പ് രൂപീകരിക്കുമെന്ന് ആദ്യ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.
വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അവകാശ സംരക്ഷണം എന്നിവ ലക്ഷ്യമാക്കി രാജ്യത്ത് ആദ്യമായാണ് സംസ്ഥാന വയോജന കമ്മീഷൻ കേരള സർക്കാർ രൂപീകരിച്ചത്. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ ഈ അർധ ജുഡീഷ്യൽ സംവിധാനത്തിന് സിവിൽ കോടതിക്കുള്ള അധികാരങ്ങളുണ്ട്. വയോജനങ്ങൾ നേരിടുന്ന അവഗണന, ചൂഷണം, അനാഥത്വം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനോടൊപ്പം പുനരധിവാസത്തിനുള്ള സഹായങ്ങൾ നൽകി സർക്കാർ നിയമസഹായം ഉറപ്പാക്കുകയും ചെയ്യുന്നുണ്ട്.