തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി മാർട്ടിനെതിരെ പൊലീസ് കേസെടുത്തു. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയതിനും സാമൂഹ്യ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനും ആണ് കേസ്.
തൃശൂർ സിറ്റി പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് മാർട്ടിൻ. ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വീഡിയോക്കെതിരെ നടി നേരത്തെ തന്നെ പരാതി നൽകിയിരുന്നു. സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു എന്നും വ്യക്തി വിവരങ്ങൾ ഉൾപ്പെടെ പങ്കുവെക്കുന്നെന്നുമായിരുന്നു അതിജീവിതയുടെ പരാതി.
മാർട്ടിൻ പങ്കുവച്ച വീഡിയോയിൽ വസ്തുതാ വിരുദ്ധതയും വ്യക്തിവിവരങ്ങളും പങ്കുവെക്കുന്നുവെന്ന് അതിജീവിത കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. അതിജീവിതയെ അധിക്ഷേപിച്ചവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്.