

കണ്ണൂർ: കൈതപ്രത്ത് സുഹൃത്തിന്റെ ഭർത്താവിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പെരുമ്പടവ് സ്വദേശി എൻ.കെ. സന്തോഷിനെയാണ് റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജയിലിൽ കഴിഞ്ഞിരുന്ന സന്തോഷ് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് സംഭവം.
2025 മാർച്ച് 10നാണ് കൈതപ്രത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവറായ കെ.കെ. രാധാകൃഷ്ണൻ (49) വെടിയേറ്റ് കൊല്ലപ്പെട്ടത്. നിർമാണം നടന്നുകൊണ്ടിരുന്ന സ്വന്തം വീടിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. നെഞ്ചിലേറ്റ വെടിയാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
സംഭവത്തിൽ പെരുമ്പടവ് സ്വദേശിയായ എൻ.കെ. സന്തോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിൽ രാധാകൃഷ്ണന്റെ ഭാര്യ മിനി നമ്പ്യാർ ഉൾപ്പെടെയുള്ളവരെയും പൊലീസ് അറസ്റ്റ് ചെയ്തു.രാധാകൃഷ്ണന്റെ ഭാര്യയുമായി സന്തോഷിനുണ്ടായിരുന്ന സൗഹൃദവും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളും വീടുനിർമാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തൽ. കൊലപാതകത്തിന് മുമ്പ് സന്തോഷ് സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി സന്ദേശങ്ങൾ പങ്കുവെച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.