

തിരുവനന്തപുരം: ഡൽഹിയിലെ സമരത്തിനിടെ വിദ്യാർഥി നേതാവിന് മർദനമേറ്റ സംഭവത്തിൽ കേരളത്തിൽ കേസ് രജിസ്റ്റർ ചെയ്തു. എൻഎസ്യുഐ നേതാവ് ആതിര വിജയൻ ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസ് എടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
ആതിരയെ അന്യായമായി തടങ്കലിൽ വച്ചു. മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. ഷാൾ ഉപയോഗിച്ച് കഴുത്ത് ഞെരുക്കി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി എന്നും എഫ്ഐആറിൽ പരാമർശമുണ്ട്. രണ്ട് ദിവസം മുൻപ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് ആതിരയ്ക്ക് മർദ്ദനമേറ്റത്.
ഇന്നലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം ഡൽഹിയിൽ മാധ്യമങ്ങളെ കണ്ട ആതിര തനിക്ക് ഡൽഹി പൊലീസിൽ നിന്ന് നേരിട്ട ക്രൂരതകൾ വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ നിന്നുള്ള രണ്ട് പേരാണ് ഈ വാർത്താസമ്മേളനത്തിൽ വിദ്യാർഥി പ്രതിനിധികളായി പങ്കെടുത്തത്.
മലയാളിയായ ആതിരയുടെ ഒരു ചെവിക്ക് കേൾവി ശക്തി നഷ്ടപ്പെട്ടിരുന്നു. ഡൽഹി പൊലീസ് അതിക്രൂരമായി മർദിച്ചെന്ന് ആതിര ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയിരുന്നു. പൊലീസ് സ്വകാര്യ ഭാഗത്ത് പോലും മർദിച്ചെന്നും ആതിര ആരോപിച്ചിരുന്നു. വിദ്യാർഥികൾക്ക് നേരെ കൈ ഉയർത്തുന്നത് ആരായാലും പരമാവധി ശിക്ഷ വാങ്ങി നൽകാൻ ശ്രമിക്കുമെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും വ്യക്തമാക്കിയിരുന്നു.