ഫ്രാൻസിസ് മാർപാപ്പ തുടങ്ങിവച്ച പരിഷ്കരണ നടപടികൾ അവസാനിപ്പിച്ച് കത്തോലിക്കാ സഭ. സിനഡ് ഒൺ സിനഡാലിറ്റിക്ക് പകരം പാരമ്പര്യ വാദത്തിൽ കാലൂന്നി നീങ്ങാൻ ലിയോ പതിനാലാമന്റെ തീരുമാനം. ലിയോ പതിനാലാമൻ വിളിച്ചു ചേർത്ത അസാധാരണ കർദിനാൾ കൺസിസ്റ്ററിക്ക് നാളെ തുടക്കമാകും. മലയാളികളായ മൂന്ന് കർദിനാൾമാർ കൺസിസ്റ്ററിയിൽ പങ്കെടുക്കും.
കടുത്ത അഴിമതിയും അരാജകത്വവും വത്തിക്കാൻ ഭരണകേന്ദ്രങ്ങളിൽ പിടിമുറുക്കിയതിനെ തുടർന്നാണ് പതിനാറാമൻ മാർപാപ്പ സ്ഥാനം രാജിവച്ച് വിശ്രമ ജീവിതത്തിലെക്ക് മാറിയത്. പിൻഗാമിയായി എത്തിയ ഫ്രാൻസിസ് മാർപാപ്പ വത്തിക്കാൻ കൂരിയായെ അടിമുടി പൊളിച്ചു പണിതു. തുടർന്ന് കത്തോലിക്കാ സഭയുടെ രണ്ടായിരത്തിൽ പരം വർഷത്തെ വിശ്വാസ പാരമ്പര്യങ്ങളെ കാലോചിതമായി പരിഷ്കരിക്കാൻ ഉള്ള ശ്രമം ആരംഭിച്ചു.
പൗരോഹിത്യ മേൽക്കോയ്മക്കും, പുരുഷ കേന്ദ്രീകൃത ഭരണസംവിധാനത്തിനും അവസാനം ഇടാനുള്ള ശ്രമമായിരുന്നു ആദ്യത്തേത്. കത്തോലിക്കാ സഭ പാപങ്ങളുടെ പട്ടികയിൽ പെടുത്തിയിരുന്ന വിവാഹത്തിനു മുമ്പുള്ള കൂടിതാമസം, സ്വവർഗ ലൈംഗികത എന്നിവയൊക്കെ പാപങ്ങളുടെ പട്ടികയിൽ നിന്നും പുറത്തായി. പ്രവാചകനായ മോശ എഴുതിയതായി വിശ്വസിക്കപ്പെടുന്ന ബൈബിളിന്റെ ആദ്യ അഞ്ചു പുസ്തകങ്ങൾ ബൈബിളിൽ നിന്നും ഒഴിവാക്കണം എന്നും ഫ്രാൻസിസ് ആവശ്യപ്പെട്ടു.
ഇതിനെതിരെ പാരമ്പര്യവാദികൾ എതിർപ്പുമായി രംഗത്തെത്തി. ഒടുവിൽ സമവായത്തിലൂടെ ആദ്യഘട്ടം എന്ന നിലയിൽ വനിതാ ഡീക്കൻ പദവി നൽകാമെന്ന് ധാരണയായി. ഇവയടക്കം പരിഷ്കരണങ്ങളുടെ പട്ടിക പൂർത്തിയാക്കി പുതിയ രേഖയിൽ ഒപ്പുവയ്ക്കുന്നതിന് മുമ്പാണ് ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചത്. ഇതിന് ശേഷം മാർപാപ്പ സ്ഥാനം ഏറ്റെടുത്ത ലിയോ പതിനാലാമൻ വനിതാ ഡിക്കൻ പദവിയെ കുറിച്ച് പഠിക്കാൻ പുതിയ ഒരു കമ്മീഷനെ നിയോഗിക്കുകയാണ് ചെയ്തത്.
കർദിനാൾ പെട്രോച്ചി ആയിരുന്നു കമ്മീഷന്റെ തലവൻ. ഈ കമ്മീഷൻ നവംബർ ആദ്യം ലിയോ പതിനാലാമന് റിപ്പോർട്ട് സമർപ്പിച്ചു. വനിതാ ഡികെ പദവി സഭയിൽ ആവശ്യമില്ല എന്നതാണ് ആ റിപ്പോർട്ട്. ലിയോ പതിനാലാമൻ തത്വത്തിൽ റിപ്പോർട്ട് അംഗീകരിച്ചു. അതായത്, ഫ്രാൻസിസ് മാർപാപ്പ മുന്നോട്ട് നയിച്ച പരിഷ്കരണ വാദങ്ങൾക്ക് മുഴുവൻ തടയിടുന്നതാവും അസാധാരണ കർദിനാൾ കൺസിസ്റ്ററി എന്നാണ് ലഭിക്കുന്ന സൂചനകൾ.
കേരളത്തിൽ നിന്ന് മൂന്ന് കർദിനാൾമാരാണ് അസാധാരണ കൺസിസ്റ്ററിയിൽ പങ്കെടുക്കുന്നത്. സീറോ മലബാർ സഭ അംഗങ്ങളായ മാർ ജോർജ് ആലഞ്ചേരി, മാർ ജോർജ് കൂവക്കാട്ട്, സീറോ മലങ്കര സഭയുടെ തലവനായ ബസേലിയോസ് മാർ. ക്ലിമിസ് കാതോലിക്കാബാവ എന്നീ കർദിനാൾമാരാണ് പങ്കെടുക്കുന്നവർ. കർദിനാൾ കൺസിസ്റ്ററിയോടനുബന്ധിച്ച് പുതിയ കർദിനാൾമാരുടെ പട്ടികയും പ്രസിദ്ധീകരിക്കാറുണ്ട്. സിറോ മലബാർ സഭയുടെ തലവനായ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് കർദിനാൾ പദവി ഇനിയും ലഭിച്ചിട്ടില്ല.