

കോട്ടയം: കാഞ്ഞിരപ്പള്ളി രൂപത മെത്രാനെതിരായ പി.സി. ജോർജിൻ്റെ നിലപാട് അത്യന്തം അപലപനീയമെന്ന് കത്തോലിക്ക കോൺഗ്രസ്. രാഷ്ട്രീയ പ്രവർത്തനം ആർക്കും എതിരെ എന്തും വിളിച്ചു പറയാനുള്ള ലൈസൻസ് അല്ലെന്നും പി.സി. ജോർജിനെ പോലുള്ള രാഷ്ട്രീയ കോമരങ്ങൾ കേരള രാഷ്ട്രീയത്തിന് മാനക്കേടെന്നും കത്തോലിക്ക കോൺഗ്രസ്.
അവസരവാദപരമായി പി.സി. ജോർജ് തൻ്റെ ഇഷ്ടത്തിനും ആവശ്യങ്ങൾക്കും അനുസരിച്ച് സഭയെ താറടിച്ച് കാണിക്കുന്നുവെന്ന് കത്തോലിക്ക കോൺഗ്രസ് ആരോപിച്ചു. പി.സി. ജോര്‍ജിന്റെ രാഷ്ട്രീയ നിലപാടുകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ഇനിയും ഇത് തുടരാനാണ് ഭാവമെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.
ചില മെത്രാന്മാർ വൃത്തികെട്ട പണിയാണ് ചെയ്യുന്നതെന്നും ബോധവും വിവരവുമില്ലാത്ത പണിയാണ് മെത്രാന്മാരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും പി.സി. ജോർജ് വിമർശിച്ചിരുന്നു. ദീപിക പത്രം വായിക്കുന്നവർക്ക് വട്ടാണെന്നും ഇത്രയും നാണംകെട്ട ഒരു പത്രം ഉണ്ടാകില്ലെന്നും പി.സി. ജോർജ് വിമർശിച്ചു. മെത്രാന്മാർ ജന്മനാ കോൺഗ്രസ് ആണെന്നും അവർ ബിഷപ്പായാലും മെത്രാനായാലും കോൺഗ്രസ് തന്നെയാണ് എന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.
വിദേശത്ത് നിന്നും സ്വീകരിക്കുന്ന പണത്തിൻ്റെ കണക്ക് കാണിക്കുന്നതിന് എന്താണ് കുഴപ്പം എന്നും പി.സി. ജോർജ് ചോദിച്ചു. അത് കാണിക്കുന്നില്ല എന്ന് പറഞ്ഞാൽ സഭയും എന്തോ തെറ്റ് ചെയ്യുന്നുണ്ടെന്നാണ് അർഥമെന്നും പി.സി. ജോർജ് പറഞ്ഞു.