

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ എട്ട് ജില്ലകളിൽ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോടു കൂടി മഴയ്ക്ക് സാധ്യതയുള്ളത്.
മണിക്കൂറിൽ നാൽപ്പത് കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് വിവിധയിടങ്ങളിൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. പാലക്കാട് താപനില 39 ഡിഗ്രി സെൽഷ്യസ് ഉയർന്നിട്ടുണ്ട്.
കൊല്ലത്ത് 38 ഡിഗ്രി സെൽഷ്യസും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെയാണ് ഏപ്രിൽ 14വരെ വിവിധയിടങ്ങളിൽ ഇടവിട്ട് മഴ പെയ്യുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്.