'കാർഷിക മേഖലയിൽ കാലാവസ്ഥ മുന്നറിയിപ്പ് വേണം'; വികസിത കൃഷി സങ്കൽപ് ക്യാമ്പയിൻ ഒക്ടോബർ 3 മുതൽ 18 വരെ

കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വെബിനാറിൽ കേന്ദ്ര-സംസ്ഥാന കൃഷി-ഫിഷറീസ്-മൃ​ഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് ഉദ്യോ​ഗസ്ഥർ, ഐസിഎആർ ​ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ, സർവകലാശാല അധ്യാപകർ, കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദ​ഗ്ധർ എന്നിവർ പങ്കെടുത്തു.
സിഎംഎഫ്ആർഐ വെബിനാർ
സിഎംഎഫ്ആർഐ വെബിനാർSource; News Malayalam 24X7
Published on

കൊച്ചി: കേരളത്തിലെ കാർഷിക വിളകൾ മെച്ചപ്പെടുത്തുന്നതിന് കാലാവസ്ഥ മുന്നറിയിപ്പ്, കർഷക കേന്ദ്രീകൃത നൂതനാശയങ്ങൾ എന്നിവ ആവശ്യമാണെന്ന് വിദ​ഗ്ധർ. അടുത്ത ഒക്ടോബർ 3 മുതൽ 18 വരെ നടക്കുന്ന കേന്ദ്ര സർക്കാറിന്റെ വികസിത കൃഷി സങ്കൽപ് കാമ്പയിനിനുള്ള കർമ പദ്ധതി തയ്യാറാക്കാൻ സംഘടിപ്പിച്ച സംസ്ഥാന-തല വെബിനാറിലാണ് നിർദേശം. കേന്ദ്ര സമുദ്രമത്സ്യ ​ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ വെബിനാറിൽ കേന്ദ്ര-സംസ്ഥാന കൃഷി-ഫിഷറീസ്-മൃ​ഗസംരക്ഷണ-ക്ഷീര വികസന വകുപ്പ് ഉദ്യോ​ഗസ്ഥർ, ഐസിഎആർ ​ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ, സർവകലാശാല അധ്യാപകർ, കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ വിദ​ഗ്ധർ എന്നിവർ പങ്കെടുത്തു.

ജലപരിപാലനം, കീട-രോഗ നിരീക്ഷണം, മണ്ണിന്റെ ആരോഗ്യ പരിപാലനം തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ കാലാവസ്ഥാ മുന്നറിയിപ്പുകൾ ​ഗുണം ചെയ്യും. കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം വർദ്ധിച്ചുവരുന്നത് സംസ്ഥാനത്തെ കാർഷിക മേഖലക്ക് ​കനത്ത ഭീഷണിയാണെന്നും വെബിനാറിൽ അഭിപ്രായമുയർന്നു. ഇക്കാര്യങ്ങൾക്ക് രണ്ടാഴ്ചത്തെ കാമ്പയിനിൽ പ്രത്യേക ഊന്നൽ നൽകും. വിളകളുടെ വൈവിധ്യവൽക്കരണം, വിവിധ ഏജൻസികൾ തമ്മിലുള്ള സഹകരണം, സാങ്കേതികവിദ്യകളുടെ പ്രചാരണം എന്നിവ ലക്ഷ്യമിട്ടുള്ളതാണ് കാമ്പയിൻ കർമപദ്ധതി.

സിഎംഎഫ്ആർഐ വെബിനാർ
തൃശൂരിൽ കോൺഗ്രസ് നേതാവിനെതിരെ ഇരട്ട വോട്ട് ആരോപണവുമായി ബിജെപി

രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കാമ്പയിനിൽ, സംസ്ഥാനത്തെ കർഷകർ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഹരിക്കുന്നതിന് ശാസ്ത്ര‍ജ്ഞരും ഉദ്യോ​ഗസ്ഥരും യോജിച്ച് പ്രവർത്തിക്കും. തോട്ടവിളകൾ, ഭക്ഷ്യവിളകൾ, ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസനം തുടങ്ങിയ സംസ്ഥാനത്തെ കാർഷിക, അനുബന്ധ മേഖലകളിലെ കർഷകരുമായി ശാസത്രജ്ഞർ കൂടിക്കാഴ്ച നടത്തും. മേഖലകളിലെ സർക്കാർ പദ്ധതികൾ പരിചയപ്പെടുത്തൽ, വാണിജ്യപരമായി ലാഭകരമായ സാങ്കേതികവിദ്യകൾ പ്രചരിപ്പിക്കൽ, ഗവേഷണയോഗ്യമായ പ്രശ്നങ്ങൾ തിരിച്ചറിയൽ, കർഷകരുടെ നൂതനാശയങ്ങൾ മനസ്സിലാക്കൽ എന്നിവയും കാമ്പയിനിന്റെ ലക്ഷ്യങ്ങളാണ്.

ഐസിഎആറിന് കീഴിലുള്ള കേരളത്തിലെ ​ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞർ സാങ്കേതി പിന്തുണ നൽകും. കാർഷിക ഫിഷറീസ് വെറ്ററിനറി സർവാകലാശാലകളിലെ അധ്യാപകരും സഹകരിക്കും. വിവിധ സർക്കാർ വകുപ്പുകൾക്കാണ് ഏകോപന ചുമതല. ജില്ലാതലത്തിൽ കാമ്പയിനിന് നേതൃത്വം നൽകുന്നത് അതാത് ജില്ലകളിലെ കൃഷി വിജ്ഞാന കേന്ദ്രങ്ങളാണ്. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന സമാനമായ കാമ്പെയ്‌നിൽ 14 ജില്ലകളിലായി ആകെ രണ്ടര ലക്ഷത്തിലധികം കർഷകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. ഡോ ​ഗ്രിൻസൺ ജോർജ്, ഡോ. വി. വെങ്കടസുബ്രഹ്മണ്യൻ, ഡോ. സാജു ജോർജ്ജ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com