
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെയും വർക്കിങ് പ്രസിഡന്റ്റിനെയും മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിച്ചതിനെതിരെ ഹൈക്കമാന്റിന് പരാതി. എ, ഐ ഗ്രൂപ്പുകൾ ആണ് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകിയത്. തീരുമാനം പുനഃപരിശോധിക്കില്ല എന്നുള്ള ഉറപ്പുണ്ടെങ്കിലും സംസ്ഥാനത്തെ വികാരം ദേശീയ നേതൃത്വത്തെ അറിയിക്കുകയാണ് ലക്ഷ്യം.
തീരുമാനത്തിൽ പുനഃപരിശോധനയില്ലെന്നും നേതൃത്വത്തിലുള്ളവരെല്ലാം നല്ല കുട്ടികളാണെന്നുമായിരുന്നു കഴിഞ്ഞ ദിവസം കെ.സി. വേണുഗോപാല്‍ പ്രതികരിച്ചത്. എന്നാൽ പാർട്ടിക്കുള്ളിൽ നിലപാട് പറയാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. രമേശ് ചെന്നിത്തല അടക്കം മുതിർന്ന നേതാക്കളുടെ വാക്കിന് ദേശീയ നേതൃത്വം ഒരു വിലയും കൽപ്പിച്ചില്ലെന്ന വികാരവും ശക്തമാണ്. കേരളത്തിലേക്ക് പിടിമുറുക്കാൻ കെ.സി. വേണുഗോപാൽ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇതെല്ലാം എന്നും ഗ്രൂപ്പുകൾ വിലയിരുത്തുന്നുണ്ട്.
വർക്കിങ് പ്രസിഡന്റ് എന്ന പുതിയ പദവി കൊണ്ട് വന്ന് സംഘടനയ്ക്ക് പുറത്തു നിന്നുള്ള ബിനു ചുള്ളിയിലിനെ നിയമിച്ചപ്പോഴും അബിന് സ്വാഭാവിക നീതി ഉറപ്പാക്കിയില്ലെന്ന പരാതിയുമുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ആക്കുന്നതിന് പകരം സെക്രട്ടറിയാക്കി ഒതുക്കി. ഇത് രമേശ് ചെന്നിത്തലയെ അവഗണിച്ചതിന് തുല്യമാണെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു.
അതേസമയം സംഘടന വിരുദ്ധമായി അബിൻ ഒന്നും പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്തും ദേശീയ തലത്തിലും ഒരുമിച്ച് പ്രവൃത്തിക്കാമല്ലോ എന്ന നിലപാട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ. ജനീഷ് ആവര്‍ത്തിച്ചു. അബിൻ വർക്കിക്ക് നീരസമില്ലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രസ്താവന. അബിൻ പറഞ്ഞത് സംഘടന വിരുദ്ധമായ കാര്യമല്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പ്രവർത്തിക്കണമെന്ന് ആഗ്രഹമാണ് പറഞ്ഞത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി സ്ഥാനം വേണ്ടെന്ന് അബിൻ പറഞ്ഞിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.