

നൂറ്റാണ്ടുകളായി നിലനിന്ന സ്ത്രീവിരുദ്ധ സമീപനത്തിൽ മാറ്റം വരുത്തി യാക്കോബായ സഭ സൂനഹദോസ് . സഭയിൽ ഒരാൾ അംഗമാകുന്ന പ്രാഥമിക പ്രവേശക കൂദാശയായ മാമോദിസയിൽ നിലനിന്ന ആൺ പെൺ വ്യത്യാസമാണ് സൂനഹദോസ് ഇല്ലാതാക്കിയത്. 12 വയസു മുതൽ കുമ്പസാരം നിർബന്ധമാക്കിയിട്ടുണ്ട്. പെരുന്നാളുകളിൽ കതിന നിറച്ചുള്ള കരിമരുന്ന് പ്രയോഗം, പ്രദക്ഷിണങ്ങളിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ, തിരുനാളുകളോട് അനുബന്ധിച്ചുള്ള പള്ളികൾ നടത്തുന്ന കലാപരിപാടികൾ എന്നിവയും പൂർണമായും ഒഴിവാക്കാൻ സൂനഹദോസ് നിർദേശം നൽകിയിട്ടുണ്ട്.
കേരളത്തിലെ യാക്കോബായ സുറിയാനി സഭയുടെ തലവനായ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് മാർ ജോസഫ് കാതോലിക്കാ ബാബ പുറത്തിറക്കിയ സർക്കുലറിലാണ് സഭയുടെ ആചാരാനുഷ്ഠാനങ്ങളിൽ കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റം വരുത്തിയതായി ഉള്ള പ്രഖ്യാപനം. ഇതിൽ ഏറ്റവും പ്രധാനമായുള്ളത് ഒരാൾ വിശ്വാസിയായി സഭയിൽ അംഗത്വം തേടുന്ന പ്രാഥമിക പ്രവേശക കൂദാശയായ മാമോദിസയിൽ നിലനിന്നിരുന്ന ലിംഗ വിവേചനം ആണ്. യാക്കോബായ സഭ അടക്കം പൗരസ്ത്യ പാരമ്പര്യം പേറുന്ന എപ്പിസ്കോപ്പൽ സഭകളിൽ ഈ വിവേചനം നിലവിലുണ്ട്. മാമോദിസ സ്വീകരിക്കുന്നത് ആൺകുട്ടിയാണെങ്കിൽ മാമോദിസക്കു ശേഷം കുട്ടിയെ വൈദികൻ കരങ്ങളിൽ എടുത്ത് അൾത്താരയിലെ ത്രോണോസിലേക്ക് കൊണ്ടുപോവുകയും ത്രോണോസിനെ രണ്ട് വശങ്ങളിലും കുട്ടിയെ മുട്ടിച്ച് പ്രാർഥിക്കുകയും ചെയ്യും. എന്നാൽ മാമോദിസ സ്വീകരിക്കുന്നത് പെൺകുട്ടിയാണെങ്കിൽ അൾത്താരയിലേക്ക് കൊണ്ടുപോവുകയോ ത്രോണോസിൽ മുട്ടിക്കുകയോ ചെയ്യില്ല. സ്ത്രീകൾക്ക് അൾത്താരയിൽ പ്രവേശിക്കുന്നതിന് ഈ സഭകൾ തുടരുന്ന വിലക്കാണ് പിഞ്ചു കുഞ്ഞുങ്ങൾക്ക് പോലും ഇത്തരത്തിൽ വേർതിരിവ് സൃഷ്ടിക്കാൻ കാരണമായിരുന്നത്.
ഇനി ഈ വിവേചനം പാടില്ലെന്ന് യാക്കോബായ സഭയുടെ സൂനഹദോസ് കർശനമായി നിർദേശിക്കുന്നു. ഇതിനൊപ്പം ക്രിസ്തുവിൻ്റെ ജ്ഞാനസ്നാനത്തെ ഓർമിക്കുന്ന ദനയ്ക്കുശേഷം നടത്തുന്ന പൊതുമാമോദിസയിൽ പെൺകുട്ടിയെ മുക്കിയ വെള്ളത്തിൽ ആൺകുട്ടിയെ മുക്കാൻ പാടില്ല എന്നതായിരുന്നു സഭകളുടെ നയം. എന്നാൽ ആൺകുട്ടികൾ മുങ്ങിയ വെള്ളത്തിൽ പെൺകുട്ടികളെ മുക്കുന്നതിൽ എതിർപ്പും ഇല്ലായിരുന്നു. വിശുദ്ധ മൂറോൻ കലർത്തിയ ചൂടുവെള്ളവും തണുത്ത വെള്ളവും സമാസമം ചേർത്ത തയ്യാറാക്കിയ മാമോദിസ തൊട്ടിയിലെ വെള്ളം പെൺകുട്ടികൾ മുങ്ങിയാൽ ഉടൻ ഒഴുക്കി കളയും. പിന്നീട് ഒരു ആൺകുട്ടിക്ക് മാമോദിസ തൊട്ടിയിൽ മുങ്ങണമെങ്കിൽ പുതിയ മൂറോൻ വെള്ളം തയ്യാറാക്കണമായിരുന്നു.യാക്കോബായ സഭയുടെ സുനഹദോസ് ഇക്കാര്യവും നടത്തൽ ആക്കി എന്ന കാതോലിക്കാ ബാബായുടെ സർക്കുലർ പറയുന്നു. എന്നാൽ സഭാ ശുശ്രൂഷകളിൽ മുതിർന്ന സ്ത്രീകൾക്കുള്ള വിവേചനം ഇപ്പോഴും തുടരുകയാണ്. മേമയിലോ അൾത്താരയിലോ ഇവർക്ക് പ്രവേശനം ഇപ്പോഴും ഇല്ല. ഈ വിവേചനത്തിനെതിരെ സഭയ്ക്കുള്ളിൽ നിന്നും എതിർപ്പ് ഉയരുന്ന സാഹചര്യത്തിൽ സ്ത്രീകൾക്കും ഭാഗിക ശുശ്രൂഷ പങ്കാളിത്തം യാക്കോബായ സഭ അനുവദിച്ചു. കുർബാന തുടക്കത്തിലുള്ള പഴയ നിയമ വായനകൾക്ക് സ്ത്രീകൾക്കും പങ്കാളിത്തം നൽകി. എന്നാൽ മേമയിലോ അൾത്താരയിലോ അല്ല ഈ ചടങ്ങ് നടക്കുന്നത്. അതിനും താഴെയുള്ള നമസ്കാര മേശക്ക് ഇരുവശങ്ങളിലുമായി ആണ് ഈ ശുശ്രൂഷ. ഇതിനൊപ്പം കർശനമായി പാലിക്കേണ്ട മറ്റു തീരുമാനങ്ങളും സർക്കുലറിൽ ഉണ്ട്.
12 വയസു മുതൽ സഭാ വിശ്വാസികൾക്ക് കുമ്പസാരം നിർബന്ധമാക്കി. പെരുന്നാളുകൾക്ക് കതിനാ നിറച്ച കരിമരുന്ന് പ്രയോഗവും, കലാപരിപാടികളും വിലക്ക്. പ്രദക്ഷിണങ്ങളിൽ കാതടപ്പിക്കുന്ന തരത്തിലുള്ള ലൈറ്റ് ആൻഡ് സൗണ്ട് ഷോയും പള്ളിക്കുള്ളിലെ കേക്ക് മുറിക്കലും പാടില്ല എന്നും സർക്കുലർ പറയുന്നു. ഇതിനൊപ്പം വലിയ തിരുനാളുകൾ ഞായറാഴ്ചയല്ലാതെ മറ്റു ഇട ദിവസങ്ങളിൽ വന്നാൽ ഭദ്രാസനം മെത്രാപ്പോലീത്തയുടെ അനുവാദത്തോടെ തലേദിവസം വൈകുന്നേരം കുർബാന നടത്താനും യാക്കോബായ സഭയുടെ സുനഹദോസ് അംഗീകാരം നൽകിയിട്ടുണ്ടെന്ന് കാതോലിക്കാബാ പുറത്തിറക്കിയ സർക്കുലർ വ്യക്തമാക്കുന്നു.