

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ അഭിഭാഷകന് ഭീഷണിപ്പെടുത്തി വക്കാലത്ത് ഒപ്പിടീച്ചെന്ന ബന്ധുവിന്റെ വാദം തള്ളി മരിച്ച ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്ത്തി. ജയബാലകൃഷ്ണന്റെ സഹോദരീ പുത്രിയാണ് അഭിഭാഷകനെതിരെ പ്രതികരിച്ചത്.
എന്നാല്‍, ഇന്ന് കോടതിയില്‍ ഹാജരായ ശ്രീജിത്ത് വക്കീലിന് താന്‍ വക്കാലത്ത് ഒപ്പിട്ട് നല്‍കിയിരുന്നുവെന്ന് ഭദ്രകീര്ത്തി മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിപ്പെടുത്തി ആരും വക്കാലത്ത് ഒപ്പിടീച്ചിട്ടില്ല. അഭിഭാഷകനെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും മറ്റൊരു വക്കാലത്ത് വന്ന വിവരം അറിയില്ലെന്നും ഭദ്രകീര്ത്തി പറഞ്ഞു. കോടതിയുടെ തീരുമാനം വന്നതിനു ശേഷം തുടര്‍ തീരുമാനങ്ങളെടുക്കുമെന്നും കുടുംബം അറിയിച്ചു.
ജയബാലകൃഷ്ണന്റെ കുടുംബത്തെ ഇന്ന് മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയോട് കുടുംബം നേരിട്ട് ആശങ്കകള്‍ അറിയിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്കി.
17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കവേ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ജയബാലകൃഷ്ണന്റെ മകള്‍ നിയോഗിച്ച വക്കീലിനെ സഹോദരിയുടെ മകളായ ജയലക്ഷ്മി അംഗീകരിച്ചില്ല. വാദത്തിനിടെ കോടതിയില്‍ എഴുന്നേറ്റ് നിന്ന്, ഭീഷണിപ്പെടുത്തിയാണ് വക്കാലത്ത് ഒപ്പിട്ടതെന്ന് ജയലക്ഷ്മി പറഞ്ഞു. മകള്‍ ആണ് തനിക്ക് വക്കാലത്ത് തന്നതെന്ന് അഭിഭാഷകന് ശ്രീജിത്ത് കോടതിയെ അറിയിച്ചു. വക്കീലിനെ ഇയാള്‍ എന്ന് കോടതിയില്‍ വിളിച്ചതിന് ജയലക്ഷ്മിയെയും കോടതി ശാസിച്ചു.
ഇതിനിടയില്‍, അപ്പീലില്‍ പതിനേഴുകാരന്റെ പേര് വെളിപ്പെടുത്തിയതിന് സര്‍ക്കാരിനെ അഡീഷണൽ സെഷന്‍സ് കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് അപേക്ഷയാണോ അപ്പീല്‍ ആണോ എന്നായിരുന്നു കോടതി ചോദിച്ചത്. സെക്ഷന്‍ 74ന്റെ ലംഘനമാണെന്നും രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇതെന്ന് കോടതി അറിയിച്ചു. 17 കാരന്റെ ഫോട്ടോ മാത്രമേ ഇനി ഇതില്‍ നല്കാനുള്ളൂ എന്നും കോടതി അഭിപ്രായപ്പെട്ടു. ആരാണ് അപ്പീല്‍ തയ്യാറാക്കിയത് എന്നും കോടതി ചോദിച്ചു. ഈ കേസില്‍ കൃത്യമായ വാദം നടക്കും.